Pages

Wednesday, May 14, 2008

അന്നക്കിളിക്ക് വയസ്സ് 32

ഇന്ന് മേയ് പതിനാല്‌, മുപ്പത്തി രണ്ടു വര്‍ഷം മുമ്പ് ഇതേ ദിവസത്തിലായിരുന്നു അന്നക്കിളി എന്ന തമിഴ് ചലചിത്രം റിലീസായത്. അതായത്, 1976 മേയ് 14ന്‌. ഇളയരാജയുടെ സംഗീത സംവിധാനത്തിലെ ആദ്യ ചിത്രം. മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അന്നക്കിളീ ഉന്നേ തേടുതേ..എന്ന ഇമ്പമയമായ ഗാനം ചെറുപ്പത്തോടെ നിലനില്‍ക്കുന്നു..അന്നക്കിളിയെന്ന സിനിമയുടെ ആശയം തന്നെ ഇളയരാജയുടെ ഗാനങ്ങളില്‍ നിന്നാണ്‌. അക്കഥ പിന്നീടൊരിക്കലെഴുതാം...

Wednesday, May 7, 2008

ഐഡിയ മൊബൈല്‍ ജിംഗിള്‍ | ഇളയരാജ

ഐഡിയ മൊബൈല്‍ ജിംഗിള്‍ അല്ലെങ്കില്‍ തീം മ്യൂസിക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ദിവസവും ടിവിചാനലുകളിലൂടെയും മൊബൈല്‍ റിങ്ടോണായും നമ്മളത് കേട്ടുകൊണ്ടിരിക്കുകയാണ്‌. അഭിഷേക് ബച്ചന്‍ നായകനായുള്ള ഐഡിയയുടെ പുതിയ പരസ്യങ്ങള്‍ കൊള്ളാം, നന്നായിരിക്കുന്നു. പല പരസ്യങ്ങളും, കാണുന്ന പ്രേക്ഷകനില്‍ മടുപ്പുളവാക്കുന്നവയാണെങ്കിലും ഈ കൊച്ചു ബച്ചന്റെ പ്രകടനം നമ്മെ രസിപ്പിക്കുന്നു, ഒപ്പം ആ തീം മ്യൂസിക്കും. എയര്‍ടെല്‍ ജിംഗിളിന്റെ സംഗീതം എ.ആര്‍.റഹ്മാനാണെന്ന് മാധ്യമങ്ങള്‍ വഴി നമുക്കറിയാം. എന്നാല്‍ ഐഡിയ ജിംഗിളിന്റെ സംഗീതം ആരുടെതായിരിക്കുമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രത്യേകിച്ചെവിടെയും ഇതു പരാമര്‍ശിച്ചുകണ്ടില്ല.

ഒടുവിലിതാ..ഐഡിയ ജിംഗിളിന്റെ ഉറവിടം ഇളയരാജയുടെ ഒരു കന്നഡ ഗാനത്തില്‍ നിന്നാണെന്നറിയുക. 1983 ല്‍ പുറത്തിറങ്ങിയ "പല്ലവി അനുപല്ലവി"എന്ന ചിത്രത്തിലെ 'നഗുവാ നയനാ'എന്നു തുടങ്ങുന്ന ഗാനമാണ്‌ പ്രശസ്തമായ ഐഡിയ ജിംഗിളായി മാറിയത്. ഈ ചിത്രത്തിനും ധാരാളം പ്രത്യേകതകളുണ്ട്. മണിരത്നം സംവിധാനം ചെയ്ത ആദ്യ ചിത്രം, ഹിന്ദി നടന്‍ അനില്‍ കപൂറായിരുന്നു നായകന്‍! സംവിധാന രംഗത്തും പ്രശസ്തനായ ബാലു മഹേന്ദ്രയായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്.ഐഡിയ ജിംഗിളിന്റെ യഥാര്‍ത്ഥ സംഗീതം ഇളയരാജയാണെന്ന് എത്ര പേര്‍ക്ക് അറിയാമെന്ന് സംശയമാണ്‌.

ഇനി മറ്റൊന്നു കൂടി. പരസ്യ രംഗത്ത് ഇളയരാജയുടെ ഈണങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഐഡിയ ജിംഗിളടക്കം ഈ "ലിഫ്റ്റിംഗ്സ് "പകര്‍പ്പവകാശം നേടിയിട്ടാണോ ചെയ്തിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പ്രശസ്തമായ ചില പരസ്യങ്ങള്‍ ഇവയാണ്‌: ലിറില്‍ ഓറഞ്ച്, കിസ്സാന്‍‍ ജാം, കിസ്സാന്‍ ഫ്രൂട്ട് ഡ്രിങ്ക്, എല്‍ജി പ്ലാസ്മ അങ്ങിനെ എത്രയൊ..ഇതുകൂടാതെ പ്രാദേശിക പരസ്യങ്ങള്‍ അനവധി. ഇതില്‍ ലിറില്‍ ഓറഞ്ചിന്റെ പരസ്യത്തില്‍ മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലിയെന്ന തെലുങ്ക് ചിത്രത്തിലെ 'ജല്ലന്ത'എന്ന ഗാനമായിരുന്നു കോപ്പി ചെയ്യപ്പെട്ടത്. കിസ്സാന്‍ ഫ്രൂട്ട് ജാം - ഇതു ഒരു പൊന്മാലൈ പൊഴുതു്‌, ചിത്രം നിഴല്‍കള്‍, കിസ്സാന്‍ ഫ്രൂട്ട് ഡ്രിങ്ക് - പുത്തന്‍ പുതു കാലൈ, ചിത്രം അലൈകള്‍ ഓയ് വതില്ലൈ, എല്‍ജി പ്ലാസ്മ - ഉറവെനും പുതിയ പാതൈ, ചിത്രം നെഞ്ചത്തെ കിള്ളാതൈ. ഇതില്‍ കിസ്സാന്റെയും ലിറിലിന്റെയും പരസ്യങ്ങള്‍ ചെയ്ത മി. ബാല്‍കി (സംവിധായകന്‍: ചീനി കം) ഇളയരാജയുടെ സംഗീതം പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനെപ്പറ്റി ഇവിടെ പറയുന്നു.

കൂടാതെ ഈയിടെയായി ധാരാളം ടിവി സീരിയലുകളില്‍, ഇളയരാജ മുന്‍പ് പല സിനിമകളിലും ചെയ്ത പശ്ചാത്തല സംഗീത ശകലങ്ങള്‍ വ്യാപകമായി പുന:സൃഷ്ടിക്കപ്പെടുന്നുണ്ട്. മലയാളത്തിലും തമിഴിലും ഇതു കൂടുതലായി കാണാം. ഇതൊന്നും പകര്‍പ്പവകാശം നേടിയവയല്ലെന്നാണറിയുന്നത്. എന്നാല്‍ മാസ്റ്റ്രോ ഇളയരാജ ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാറില്ല.
ഐഡിയ ജിംഗിളിന്‌ ഉപയോഗിച്ചിരിക്കുന്ന ഇളയരാജയുടെ ഗാനം താഴെ കാണുക: