Pages

Monday, September 24, 2012

ബാലു മഹേന്ദ്രയും ഇളയനിലാ..യും.


പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര തന്റെ ‘ മൂടുപനി’ എന്ന ചിത്രത്തിലെ ‘എൻ ഇനിയ പൊൻ നിലാവേ…’ എന്ന ഗാനത്തെപ്പറ്റി ഒരു റേഡിയോ ഷോയിൽ പറയുന്നു.. 
ആ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗിത്താർ ഈണം, യേശുദാസിന്റെ സ്വരം, ഗാന ചിത്രീകരണം, അതിലുപരി രാജയുടെ സംഗീതം – ഇതെല്ലാം ചേർന്ന് ആ ഗാനം എത്ര മനോഹരമായിരുന്നുവെന്ന് അദ്ദേഹം സ്മരിക്കുന്നു. ഈ രംഗത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ആദ്യ ഗാനം ബാലു മഹേന്ദ്ര നിരസിക്കുകയായിരുന്നു. രണ്ടാമതായി രാജ നൽകിയ ഗാനമായിരുന്നു ‘എൻ ഇനിയ പൊൻ നിലാവേ…’. 

അപ്പോൾ ആദ്യ ഗാനം? ബാലു മഹേന്ദ്ര തന്നെ പറയുന്നു. പിൽക്കാലത്ത് ഏറെ പ്രശസ്തമായ ‘ഇളയനിലാ പൊഴികിറത്…’ എന്ന ഗാനമായിരുന്നു അന്ന് ബാലു മഹേന്ദ്ര നിരസിച്ചത്. എന്തിനാണ് അന്നീഗാനം വേണ്ടെന്ന് വച്ചത്? പിൽക്കാലത്തതിൽ ഖേദം തോന്നിയോ? എന്നീ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുന്നതിങ്ങനെ.. രാജയിൽ നിന്നും ഏറ്റവും മികച്ച മറ്റൊരു ഗാനം തേടി ആദ്യ ഗാനത്തിനധികം പ്രാധാന്യം നൽകാതെ പറഞ്ഞതായിരുന്നു.. 'ഈ ഗാനം നന്ന്.. എനിക്ക് വേറൊരെണ്ണം വേണം'  എന്ന്.


കാണുക: പ്രതാപ് പോത്തൻ, ശോഭ എന്നിവരഭിനയിച്ച ഗാനരംഗം 
'എൻ ഇനിയ പൊൻ നിലാവേ..'

വീഡിയോ കടപ്പാട്: യൂ ട്യൂബ്

Monday, September 17, 2012

രണ്ട് ചിത്രങ്ങൾ..

ഇളയരാജ ബാംഗ്ലൂരിൽ (സെപ്തംബർ 2012)



ഇളയരാജ മധുരയിൽ (സെപ്തംബർ 2012)

(കടപ്പാട്: ദ് ഹിന്ദു)

Sunday, April 29, 2012

ആനന്ദ രാഗം...


 ഇളയരാജയുടെ സംഗീതത്തില്‍ ഒട്ടേറെ അനശ്വര ഗാനങ്ങള്‍ പാടിയ ഗായിക, ഉമാരമണന്‍ 'പനീര്‍ പുഷ്പങ്ങള്‍'(1981) എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ " ആനന്ദ രാഗം..." എന്ന ഗാനത്തെപ്പറ്റി പറയുന്നു.

" എന്റെ പന്ത്രണ്ടാമത്തെ ടേക്കിനാണ്‌ രാജ സാര്‍ സന്തുഷ്ടനായത്. രാത്രി 9.30 നാരംഭിച്ച റെക്കോർഡിങ്ങ് പിറ്റേന്ന് പുലർച്ചെ 3.00  മണി വരെ നീണ്ടു !"

ചരണത്തില്‍ ഇത്രയധികം വയലിനുകള്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഗാനങ്ങള്‍ അത്യപൂര്‍വ്വമാണ്‌. വർഷങ്ങൾക്കിപ്പുറം രണ്ടായിരത്തിആറിൽ ഇതേ ഗാനം രാം ഗോപാൽ വർമ്മയുടെ ശിവ എന്ന ചിത്രത്തിനുവേണ്ടി പുനരവതരിപ്പിച്ചപ്പോൾ ശ്രേയ ഘോഷാലാണത് പാടിയത്.

രണ്ടു ഗാനങ്ങളും ആസ്വദിച്ചാലും.. (ഓർക്കസ്റ്റേഷൻ ശ്രദ്ധിക്കുക)

ആനന്ദരാഗം.. (പനീർ പുഷ്പങ്ങൾ 1981)


സാരാ യേ ആലം... (ശിവ -ഹിന്ദി-2006)


കടപ്പാട്: ശ്രീധർ, യു ട്യൂബ് 

Monday, April 16, 2012

ഇളയരാജ സംഗീത മേള

ഇളയരാജയുടെ സിനിമേതര സംഗീത ആൽബമായ  ഹൗ ടു നെയിം ഇറ്റ് (How to Name It) 25 വർഷങ്ങൾക്കിപ്പുറം ഇതാദ്യമായി സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നു. ഇളയരാജക്കൊപ്പം പ്രവർത്തിക്കുന്ന നാൽപതോളം വാദ്യോപകരണ വിദഗ്ദർ പങ്കെടുക്കുന്ന ഈ സംഗീത മേള ഡോ.എൽ.സുബ്രഹ്മണ്യത്തിന്റെ പുത്രൻ അംബി സുബ്രഹ്മണ്യം നയിക്കും.

ഷോ ദിവസം, സമയം : 29/04/2012 ഞായറാഴ്ച 6:30PM
സ്ഥലം: അണ്ണ സെന്റനറി ലൈബ്രറി ഓഡിറ്റോറിയം, ഗാന്ധി മണ്ഡപം റോഡ്, സൂര്യ നഗർ, കോട്ടൂർ, ചെന്നൈ


വിശദ വിവരങ്ങൾക്കും ടിക്കറ്റുകൾ വാങ്ങാനും ഇവിടെ സന്ദർശിക്കുക.




Tuesday, November 1, 2011

ആദരാഞ്ജലികള്‍



സംഗീത കുടുംബത്തിന്റെ വ്യസനത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍

ഇളയരാജയുടെ പത്നി ജീവ രാജ നിര്യാതയായി. നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഒക്ടോബര്‍ 31ന്‌ രാത്രി ഒന്‍പതരയോടെ പ്രവേശിക്കപ്പെട്ട ജീവ രാജ രാത്രി പതിനൊന്നു മണിയോടെ ഹൃദയസ്തംഭനം മൂലം നിര്യാതയാവുകയായിരുന്നു. അറുപതു വയസ്സായിരുന്നു അവര്‍ക്ക്. അഞ്ചു്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഒരു ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.

തന്റെ പുതിയ ചിത്രമായ ശ്രീരാമരാജ്യത്തിന്റെ പ്രസ്സ് മീറ്റില്‍ പങ്കെടുക്കുവാനായി ഹൈദരബാദിലായിരുന്ന ഇളയരാജ ഉടനെ ചെന്നൈയിലെത്തുകയായിരുന്നു.

സംഗീത സംവിധായകരായ കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ, ഗായിക ഭവധാരണി എന്നിവര്‍ മക്കള്‍ .

Monday, September 19, 2011

സ്നേഹവീട്


കൊതിയോടെ കാത്തിരുന്ന സംഗീത ആല്‍ബം:സ്നേഹവീട് റിലീസായിരിക്കുന്നു !

സത്യന്‍ അന്തിക്കാട് ചിത്രം|റഫീക്ക് അഹമ്മദിന്റെ വരികള്‍|ഇളയരാജയുടെ ഈണം!ചിത്ര - ശ്രേയ ഘോഷാല്‍ - ശ്വേത - ഹരിഹരന്‍ - രാഹുല്‍ നമ്പ്യാര്‍ എന്നിവരുടെ സ്വരം!!
പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ചിത്രയുടെ സ്വരത്തില്‍ ' ചെങ്കതിര്‍ കൊയ്യും...' എന്ന ഗാനം ഏറെ പ്രിയങ്കരം. ഈ ഗാനത്തിലെ 02.31 മുതല്‍ 02.55 വരെയുള്ള സംഗീത ശകലം (interlude) - വീണ്ടും ഇളയരാജാ മാജിക് ! കീരവാണി (കടപ്പാട്: സംഗീത ജ്നാനമുള്ള സുഹൃത്ത് രവി) രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ കീരവാണിയില്‍ രാജ എത്രയോ ഗാനങ്ങള്‍ നല്‍കിയിരിക്കുന്നു. സംശയമില്ല.. ഒരിടവേളക്കു ശേഷം ചിത്രയുടെ അതിമനോഹര ഗാനം.

അമൃതമായ് അഭയമായ് - ഹരിഹരന്റെ സ്വരത്തില്‍ കല്ല്യാണി രാഗത്തില്‍..ഇതേ ഗാനം രാഹുല്‍ നമ്പ്യാരും പാടിയിരിക്കുന്നു. ശ്രേയ ഘോഷാല്‍ രാജയുടെ സംഗീതത്തില്‍ മലയാളത്തില്‍ - അതാണ്‌ ആവണിത്തുമ്പി എന്ന് തുടങ്ങുന്ന ഗാനം. ഇളയരാജയുടെ മാസ്മരിക ഓര്‍ക്കസ്റ്റ്റേഷനില്‍ അതിമനോഹരമാണ്‌ ഈ ഗാനവും. വീണ്ടും സംഗീത ശകലങ്ങള്‍ (interludes) നമ്മെ വേറൊരു ലോകത്തെത്തിക്കുന്നു.

രാഹുല്‍ നമ്പ്യാര്‍ ശ്വേതക്കൊപ്പം പാടിയ ചന്ദ്രബിംബത്തിന്‍ എന്ന ഗാനം മറ്റൊരാകര്‍‍ഷണം. അല്പം ചടുല താളങ്ങള്‍ ചേര്‍ത്ത് കോര്‍ത്തിണക്കിയ ഇമ്പമാര്‍ന്ന ഗാനം.

മൊത്തത്തില്‍.. അതി സൂക്ഷ്മമായ സംഗീത രചനകളാല്‍ ഇളയരാജ തീര്‍ത്ത സുന്ദരഗാനങ്ങള്‍. ഏറെ ആകര്‍ഷണീയമായ വരികള്‍. പ്രശസ്ത കവി റഫീക്ക് അഹമ്മദും ഇളയരാജയും ആദ്യമായി ഒന്നിച്ച ചിത്രം. രാജയുടെ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ മറ്റു ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ ഘോഷാല്‍ മലയാളത്തില്‍ രാജയോടൊപ്പം ആദ്യം. പ്രത്യേകതകള്‍ ഏറെ..

റഫീക്ക് അഹമ്മദിന്റെ വരികള്‍ കടമെടുക്കുകയാണെങ്കില്‍ " തെളിനീരിലെ പരല്‍ മീനുകള്‍ തങ്കത്തൂവല്‍ പീലി പോലെ നീങ്ങുന്ന " കാഴ്ച ഒരു കുളിര്‍ കാറ്റേറ്റ് കണ്ടുനില്‍ക്കുന്ന സുഖം.

ഇളയരാജഗാനപ്രേമികള്‍ക്കിത് ഇരട്ടി മധുരം. ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായതിന്‌ പിന്നാലേ മലയാളത്തില്‍ സ്നേഹവീട്.

ഈ സംഗീത ആല്‍ബം വാങ്ങുവാന്‍ ഇവിടം സന്ദര്‍‍ശിക്കുക.

Saturday, June 4, 2011

ലതാ മങ്കേഷ്‌കര്‍

ഗായിക ലതാ മങ്കേഷ്‌കര്‍ ഇളയാജക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിങ്ങനെ...
ഇവിടെ അമര്‍ത്തുക. അതല്ലെങ്കില്‍ ഇവിടെ

Monday, January 17, 2011

എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡ്


സംഗീത സംവിധായകന്‍ ഇളയരാജക്ക് എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡ്. തമിഴ്‌നാട് ടൂറിസം-സാംസ്‌കാരിക വകുപ്പ് സംഗീതമേഖലയില്‍ ദേശീയാടിസ്ഥാനത്തില്‍ മികവ് തെളിയിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ്‌ ഇളയരാജക്ക് ലഭിച്ചത്.

Sunday, September 19, 2010

അക്ഷയ സമ്മാന്‍ - 2010

പശ്ചാത്തലസംഗീതത്തിന്‌ ലഭിച്ച ദേശീയ അവാര്‍ഡിനു തൊട്ടുപിന്നാലെ ഇളയരാജക്ക് മറ്റൊരു അംഗീകാരം കൂടി. ഒറീസയിലെ ഭുവനേശ്വര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്ഷയ മൊഹന്തി ഫൗണ്ടേഷന്‍ സമ്മാനിക്കുന്ന അക്ഷയ സമ്മാന്‍ 2010 പുരസ്കാരം ഇളയരാജക്ക്. ഗായകന്‍ മന്നാഡേ(2007), ഗാനരചയിതാവ് ഗുല്‍സാര്‍ (2008), പണ്ഠിറ്റ് ഹരിപ്രസാദ് ചൗരസ്യ (2009) എന്നിവരാണ്‌ മുന്‍ വര്‍ഷങ്ങളിലെ അക്ഷയ സമ്മാന്‍ അവാര്‍ഡ് ജേതാക്കള്‍. സംഗീതരംഗത്തെ ഇളയരാജയുടെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ്‌ ഈ പുരസ്കാരം.

ഒക്ടോബര്‍ രണ്ടിന്‌ ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഈ അവാര്ഡ് സമ്മാനിക്കുന്നതായിരിക്കും.

Wednesday, September 15, 2010

ദേശീയ അവാര്‍ഡ് 2010

പഴശ്ശിരാജയിലെ പശ്ചാത്തലസംഗീതത്തിന്‌ ഇളയരാജക്ക് ദേശീയ അവാര്‍ഡ്.
പശ്ചാത്തലസംഗീതത്തിന്‌ ദേശീയ പുരസ്കാരം ഈ വര്‍ഷം മുതല്‍ക്കാണ്‌ നല്‍കിത്തുടങ്ങിയത്. പശ്ചാത്തസംഗീതത്തില്‍ ഇന്ത്യന്‍ സിനിമയിലെത്തന്നെ രാജാവായ ഇളയാരാജ തന്നെ ആദ്യ അവാര്‍ഡിനര്‍ഹന്‍. അഭിനന്ദനങ്ങള്‍!

Sunday, September 13, 2009

ഇളയരാജയും കമലും വീണ്ടും !

ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ കമലഹാസന്‍ പാടുന്നതിതാദ്യമായല്ല. എന്നാല്‍ മറ്റൊരു നടനുവേണ്ടി കമലഹാസന്‍ പാടുന്നത് അപൂര്‍വ്വമാണ്‌. അതും ഹിന്ദി ചിത്രത്തില്‍. പങ്കജ് കപൂര്‍ നായകനാകുന്ന ഹാപ്പി എന്ന ഹിന്ദി ചിത്രത്തില്‍ ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ കമലഹാസന്‍ പാടിയ ഗാനം ഈയിടെ റെക്കോര്‍ഡ് ചെയ്യുകയുണ്ടായി. ചാര്‍ളി ചാപ്ലിനുമായി ഏറെ സാദൃശ്യപ്പെടുത്താവുന്ന ഒരു കഥാപാത്രമാണ്‌ പങ്കജ് കപൂര്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. മുംബൈ നഗരത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളുടെ കഥ.കമല്‍, ഒരു ചാര്‍ളി ചാപ്ലിന്‍ ആരാധകനെന്നതിലുപരി, ചാപ്ലിന്‍വേഷങ്ങള്‍ സിനിമയില്‍ പലതവണ അവതരിപ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ്‌. ഇതു മാത്രമല്ല, കമലിനേപ്പോലൊരു അതുല്ല്യ നടന്‍ മറ്റൊരു നടനു നല്‍കുന്ന ആദരവു കൂടിയാണ്‌ ഈ ഗാനാലാപനം - ചിത്രത്തിന്റെ സംവിധായക‍ ഭാവന തല്‍വാര്‍ പറയുന്നു. ഇളയരാജയും കമലഹാസനും തമ്മിലുള്ള അടുപ്പവും ഈ അപൂര്‍വ്വ സംഗമത്തിനു്‌ കാരണമായതായി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.ഇളയരാജയെയും കമലഹാസനേയും പോലുള്ള പ്രതിഭകളുമായി ഈ ചിത്രത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞതൊരു ഭാഗ്യമായി ഭാവന കാണുന്നു. സംഭാഷണങ്ങള്‍ ഏറെക്കുറവായ ഈ ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിയത് ബുഡാപെസ്റ്റില്‍ വച്ചാണ്‌. ബുഡാപെസ്റ്റ് സിംഫണി ഓര്‍ക്കെസ്ട്രയാണ്‌ ഇതില്‍ ഇളയരാജയോടൊപ്പം സഹകരിച്ചിരിക്കുന്നത്.
(അവലംബം)
ഇളയരാജയും കമലഹാസനും (ഒരു പഴയ ചിത്രം)

Friday, December 19, 2008

നന്ദലാല

തമിഴ് നാടിനൊപ്പം കേരളത്തിലും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായ ചിത്തിരം പേശുതടീ, അന്‍ജാതെ എന്നിവയുടെ സംവിധായകന്‍ മിസ്ക്കിന്റെ പുതിയ ചിത്രമായ നന്ദലാല റിലീസിനു മുന്‍പേ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. നന്ദലാലയുടെ ക്ലൈമാക്സിനെപ്പറ്റിയാണ്‌ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോള്‍ സംവിധായകന്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ വിശദമാക്കുന്നു. രണ്ട് അനാഥരുടെ കഥയാണ്‌ നന്ദലാല. ക്ലൈമാക്സിന്‌ വളരേയേറെ പ്രാധാന്യം നല്‍കിയിരിക്കുന്നു ചിത്രത്തില്‍. അമ്പത് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ക്ലൈമാക്സിന്റെ പ്രത്യേകത, ഇത്രയും സമയം യാതൊരു സംഭാഷണവും ഇല്ല എന്നത് തന്നെയാണ്‌. സംഗീത സംവിധായകന്‍ ഇളയരാജയാണ്‌ പശ്ചാത്തല സംഗീതത്തിലൂടെ രംഗങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ്‌ ഇത്തരം ഒരു ക്ലൈമാക്സ്! പശ്ചാത്തലസംഗീതത്തിലൂടെ രംഗങ്ങള്‍ക്ക് പൂര്‍ണ്ണതവരുത്തുന്നതില്‍ പ്രഗല്‍ഭനായ ഇളയരാജയുടെ പിന്തുണയും ക്യാമറാമാന്‍ മഹേഷ് മുത്തുസ്വാമിയുടെ ദൃശ്യവല്‍ക്കരണരീതിയും വളരെ വിലമതിക്കുന്നു, മിസ്ക്കിന്‍. ഇളയരാജയുടെ സം ഗീത സംവിധാനത്തില്‍ ഒരു ഗാനം ഒരു ഉള്‍നാടന്‍ ഗ്രാമീണ വനിതയെക്കൊണ്ട് പാടിച്ചിരിക്കുന്നു, ചിത്രത്തില്‍. റീ റിക്കോര്‍ഡിങ്ങ് നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.

Wednesday, July 30, 2008

ഇളയരാജയും കണ്ണൂര്‍ രാജനും

ഇളയരാജ വളരെ അപൂര്‍വ്വമായേ മറ്റു സംഗീത സംവിധായകര്‍ക്കു വേണ്ടി പാടിയിട്ടുള്ളൂ. ഈയിടെയായി മക്കള്‍‍ യുവന്‍ ശങ്കര്‍ രാജയുടെയും കാര്‍ത്തിക് രാജയുടെയും ചില ഗാനങ്ങള്‍ ഇളയരാജ പാടിയിരുന്നു. എന്നാല്‍ മലയാളത്തില്‍ അദ്ദേഹം ഈ പതിവു്‌ തെറ്റിച്ചിട്ടുണ്ട്. ടോമില്‍ ജെ തച്ചങ്കരിയുടെ പ്രഥമ സംഗീത ആല്‍‍ബത്തില്‍ അവതരണ ഗാനം ഇളയരാജ പാടിയിട്ടുണ്ട്. പക്ഷേ..ഇപ്പോഴും ഇളയരാജയുടെ ആരാധകരെ അതിശയിപ്പിക്കുന്ന ഒരു വിഷയമുണ്ട്. "പാറ"എന്ന മലയാള ചിത്രത്തിനു വേണ്ടി കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് ഇളയരാജ പാടിയിരിക്കുന്ന ഒരു ഗാനമുണ്ട്. "അരുവികള്‍ ഓളം തല്ലും താഴ്വരയില്‍..." എന്നു തുടങ്ങുന്ന ഗാനം ടൈറ്റില്‍ സോങ്ങായാണ്‌ ചിത്രത്തില്‍ വരുന്നത്. ഏതു സാഹചര്യത്തിലാണ്‌ ഇളയരാജ ഈ ഗാനം പാടിയത് എന്നാണ് കൗതുകകരമായ ആ അന്വേഷണം.

സംഗീത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പല വെബ് ഗ്രൂപ്പുകളിലും ഫോറങ്ങളിലും വിഷയം ചര്‍ച്ച ചെയ്തെങ്കിലും ഒരുത്തരം കിട്ടിയില്ല. കണ്ണൂര്‍ രാജനും ഇളയരാജയുമായുള്ള അടുപ്പത്തെപ്പറ്റിയും കൂടുതലായി അറിയാനായില്ല.

ഇനി ബൂലോകത്തില്‍ ആര്‍ക്കെങ്കിലും അറിയാമെങ്കിലോ.. !പറയൂ..

Friday, June 20, 2008

ഇളയരാജയുടെ കമ്പോസിങ്ങ് രീതി-2

ഇളയരാജ - ഫുള്‍ സ്കോര്‍ കമ്പോസിങ്ങ്

ഇളയരാജയുടെ കമ്പോസിങ്ങ് രീതിയെക്കുറിച്ച് ഇതിനു മുന്‍പുള്ള പോസ്റ്റില്‍ വിവരിച്ചിരുന്നത് ഓര്‍ക്കുമല്ലോ. ഇനി റെക്കോര്‍ഡിങ്ങിനെക്കുറിച്ച്: റെക്കോര്‍ഡിങ്ങ് ദിവസം രാവിലെ കൃത്യം ഏഴു മണിക്കുതന്നെ രാജ സ്റ്റുഡിയോയില്‍ എത്തിയിരിക്കും. സഹായി സൗന്ദര്‍ രാജന്‍ ആ ദിവസം റെക്കോര്‍ഡിങ്ങ് നിശ്ചയിച്ച ട്യൂണ്‍ ടേപ്പുമായി ഇളയരാജയുടെ റൂമില്‍ റെഡിയായി നില്പൂണ്ടായിരിക്കും. (സംവിധായകനുമായുള്ള ചര്‍ച്ചയില്‍ തീരുമാനിക്കപ്പെട്ട ഈണങ്ങളുടെ-കമ്പോസിങ്ങ് സമയത്ത് റെക്കോര്‍ഡ് ചെയ്ത ടേപ്പ്). സിനിമാ സംവിധായകനും ഈ അവസരത്തില്‍ അവിടെയുണ്ടായിരിക്കും. സംവിധായകന്‍ ഗാനരംഗത്തെപ്പറ്റി ഒന്നു കൂടി വിശദീകരിക്കും, ഒപ്പം ആ ഗാനം എങ്ങിനെയൊക്കെയാണ്‌ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും.

ഉദാഹണത്തിന്‌ നായിക പാടുന്നതാണ്‌ ഗാനരംഗം, പാട്ടിനിടയില്‍ അതേ സമയം ഒരു ദുരന്ത രംഗം കാണിക്കേണ്ടിവരുന്നു. ഇത്തരം പ്രത്യേക സാഹചര്യങ്ങള്‍ക്കായി ഈണങ്ങളില്‍ പലവിധ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. വീണ്ടുമൊരുദാഹരണത്തിന്‌ മുതിരട്ടെ. ചിത്രം: നാന്‍ പാടും പാടല്‍ഈ ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനമാണ്‌ "പാടവാ ഉന്‍ പാടലൈ". സിനിമയില്‍ അംബിക ഒരു റെക്കോര്‍ഡിങ്ങ്‌ സ്റ്റുഡിയോവില്‍ പാടിക്കൊണ്ടിരിക്കുന്ന രംഗമാണ്‌. അതിനിടയില്‍ അവിടേക്കു വന്നു കൊണ്ടിരിക്കുകയായിരുന്ന നായകന്‍ (നടന്‍ മോഹന്‍) അപകടത്തില്‍ പെട്ട് മരണമടയുന്നു. ഈ ഗാനത്തിനിടക്ക് വരുന്ന സംഗീത ശകലങ്ങള്‍ രംഗത്തിനനുയോജ്യമായതാവണം, ഒപ്പം ഈ ഗാനം സിനിമയിലല്ലാതെ കേള്‍ക്കുന്നൊരാള്‍ക്ക് അരുചി തോന്നുകയുമരുത്. ഇദയക്കോയില്‍ എന്ന ചിത്രത്തിലെ "യാര്‍ വീട്ടു റോജാ" എന്ന ഗാനവും ഇത്തരത്തിലുള്ളതാണ്‌.ഇനി ഒരു സംഘനൃത്തമാണ്‌ പ്ലാന്‍ ചെയ്യുന്നെങ്കില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഗാനത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും.

അങ്ങിനെ ഇത്തരം പ്ലാനിങ്ങുകളെല്ലാം ചര്‍ച്ച ചെയ്തതിന്‌ ശേഷം ഇളയരാജ ട്യൂണ്‍ ടേപ്പ് ഒന്നു കൂടി കേള്‍ക്കുന്നു. ട്യൂണ്‍ നിശ്ചയിച്ചതിനുശേഷം ഈ റെക്കോര്‍ഡിങ്ങ് ദിവസത്തിനുള്ളില്‍ ഇതിനോടകം മറ്റു പല കഥകള്‍ ചര്‍ച്ചചെയ്യപ്പെടുകയും ഈണങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കും. അതിനാല്‍ തന്നെ ടേപ്പ് വീണ്ടും കേള്‍ക്കുക എന്നത് ആവശ്യമായി വരും.

സ്ഥിരമായി പശ്ചാത്തലസംഗീതരംഗത്ത് ഉപയോഗിക്കാത്ത അനേകം വാദ്യോപകരണങ്ങളുണ്ട്. സിത്താര്‍, വീണ, സാരംഗി, ഷെഹ്നായി എന്നിവ അവയില്‍ ചിലതാണ്‌. റെക്കോര്‍ഡിങ്ങിന്‌ ഇവ ആവശ്യമാണെങ്കില്‍ ഇളയരാജ അത് പ്രോഗ്രാം അസ്സിസ്റ്റന്‍സായ കല്ല്യാണം, സുബ്ബയ്യ എന്നിവരെ അറിയിക്കും. റിഹേഴ്സലിനും റെക്കോര്‍ഡിങ്ങിനും ഇതെല്ലാം സജ്ജമാക്കുക എന്നത് ഇവരുടെ ചുമതലയാണ്‌.

ഇളയരാജ ഗാനത്തിന്റെ മുഴുവന്‍ രൂപവും എഴുതുകയായി. അദ്ദേഹം നോട്ട്സ് രൂപപ്പെടുത്തുന്നത് - അതൊരു അതിശയകരമായ കാഴ്ചയാണ്‌. പാട്ട് മനസ്സില്‍ നിന്നും കടലാസിലേക്ക് ഒഴുകുകയായി. അതും അതിവേഗത്തില്‍..പശ്ചാത്തല സംഗീതം വരെ ഒപ്പത്തിനൊപ്പം അദ്ദേഹം കുറിച്ചു കഴിയും.

ദൈവീക വരദാനം എന്നല്ലാതെ എന്തു പറയാന്‍..മുന്‍ കൂട്ടിയുള്ള തയ്യാറെടുപ്പോ മറ്റൊരുക്കങ്ങളോ കൂടാതെ മനസ്സില്‍ നിന്നും നേരിട്ട് സംഗീതം നോട്ട്സുകളായി മാറുന്നു. ഈണത്തിന്‌ വ്യത്യാസം വരുത്താതെ തന്നെ, ചില പ്രത്യേക ട്വിസ്റ്റുകളും പുനര്‍ ക്രമീകരണങ്ങളുമെല്ലാം അദ്ദേഹം പൊടുന്നനെ നിര്‍ദ്ദേശിക്കും. ഗാനങ്ങള്‍ അത്യാകര്‍ഷകങ്ങളായിത്തീരുകയും ചെയ്യും.

ഗാനരൂപീകരണത്തെപ്പറ്റി ഇളയരാജ തന്നെ പറയുന്നതിങ്ങനെ: ഗാനരൂപീകരണത്തിനു തയ്യാറെടുക്കുമ്പോള്‍ ഒരു മിന്നായം പോലെ മുഴുവന്‍ ഗാനവും മൂന്നു മേഖലകളായി തന്നില്‍ ജനിക്കപ്പെടുന്നതായി തോന്നുന്നു. ആദ്യമായി മുഴുവന്‍ ഗാനത്തിന്റെയും താളം ! രണ്ടാമതായി മുഴുവന്‍ ഓര്‍ക്കസ്റ്റ്രേഷന്‍ ! മൂന്നാമതായി മുഴുവന്‍ സ്വര രൂപവും ! തന്റെ കൈകളേക്കാള്‍ വേഗതയാണ്‌ മനസ്സിനെന്നു തോന്നിപ്പോകുന്ന നിമിഷങ്ങള്‍. അദ്ദേഹം തുടരുന്നു: പിന്നെ ഞാന്‍ മനസ്സിലുദിച്ച സംഗീതം കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ ആകെ മാറ്റപ്പെടുന്നു. ചുരുക്കത്തില്‍, ഉള്ളിലാദ്യം ജനിച്ച ഈണമായിരിക്കില്ല ഗാനം അവസാനരൂപമെത്തുമ്പോള്‍ ! ആദ്യമുടലെടുത്ത ഈണമായിരുന്നുവോ അവസാനരൂപമെത്തിയ ഈണമായിരുന്നുവോ നല്ലതെന്നു ചോദിച്ചാല്‍...എനിക്കറിയില്ല. അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേര്‍ക്കുന്നു: എന്റെ മനസ്സില്‍ പൊടുന്നനെ രൂപപ്പെടുന്ന സംഗീതം മുഴുവനായി അതേപടി ഉടനെ പകര്‍ത്താനാവുന്ന ഒരു ഉപകരണം ലഭ്യമാവുമോ ?

അദ്ദേഹത്തിന്റെ രീതിയനുസരിച്ച് സ്കോര്‍ ഷീറ്റിന്റെ വലതു വശത്തു്‌ മുകളിലായി ഇതൊരു രാവിലെ ഏഴുമണിയുടെ ഖണ്ഡമാണോ ഉച്ചക്ക് രണ്ടു മണിയ്യുടെ ഖണ്ഡമാണോ എന്ന് രേഖപ്പെടുത്തിയിരിക്കും. മുകളില്‍ ഇടതു വശത്തായി ആ ഗാനത്തിന്റെ ഗായകന്‍ അല്ലെങ്കില്‍ ഗായികയുടെ പേര്‌ എഴുതിയിരിക്കും. പ്രൊഡക്ഷന്‍ കമ്പനിയുടെ പേരും ഗാനത്തിന്റെ ആദ്യ വരിയും അതേ ഷീറ്റില്‍ രേഖപ്പെടുത്താറുണ്ട്.

1989 വരെയുള്ള കാലഘട്ടത്തില്‍ ദിവസേന രാവിലെയും വൈകീട്ടുമായി രണ്ടു ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന രീതിയായിരുന്നു ഇളയരാജക്ക്. ചിലപ്പോഴൊക്കെ അടുത്തടുത്ത സ്റ്റുഡിയോകളിലായി ഒരേ ദിവസം നാലു ഗാനങ്ങള്‍ റെക്കോര്‍ഡിങ്ങ്‌ പൂര്‍ത്തിയാക്കുന്ന പതിവുമുണ്ട്.

സമയം രാവിലെ എട്ടാകുന്നു, സ്കോര്‍ തയ്യാറായിക്കഴിഞ്ഞു.

സാങ്കേതിക സംഗീത ഭാഷയില്‍ 'ഷോര്‍ട്ട് - സ്കോര്‍' ആണ്‌ ഇളയരാജ ആദ്യമായി എഴുതുന്നത്. അതായത് ഇപ്പോള്‍ എഴുതിക്കഴിഞ്ഞിരിക്കുന്നത് ഒരു ഗാനത്തിന്റെ മുഴുവന്‍ രൂപമല്ല. ഇനിയും ധാരാളം മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും റിഹേഴ്സല്‍ സമയത്തും റെക്കോര്‍ഡിങ്ങ് വേളയിലും അദ്ദേഹം നിര്‍ദ്ദേശിക്കും. ഇളയരാജയുടെ സംഗീത-വാദ്യോപകരണ വിഭാഗത്തിലുള്ളവര്‍ അനേക വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കൂടെയുളളവരാണ്‌. ഇളയരാജയുടെ സംഗീത രീതികള്‍ നല്ലവണ്ണം അറിയുന്നവര്‍. ചില ഭാഗങ്ങളില്‍ എന്തു വേണമെന്ന് നല്ല നിശ്ചയമുള്ളവര്‍. അതിനാല്‍ തന്നെ അവര്‍ ഉപകരണ സംഗീതം കൊണ്ട് ചില പ്രത്യേക സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യും, അതല്ലെങ്കില്‍ ഇളയരാജ തന്നെ സമയോചിതമായ ഇടപെടലുകളിലൂടെ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.

ഇളയരാജ എഴുതിയിക്കുന്ന സ്കോറില്‍ എല്ലാമുണ്ടായിരിക്കും, കോറസ് വേണ്ട സന്ദര്‍ഭങ്ങള്‍, അവര്‍ പാടേണ്ട ഗാനശകലങ്ങള്‍, പുരുഷ/സ്ത്രീ ശബ്ദങ്ങള്‍ പാടേണ്ട ഭാഗങ്ങള്‍, അതു തനിയേയോ ഒരുമിച്ചോ എന്നിങ്ങനെ ഒരു ഗാന പൂര്‍ത്തീകരണത്തിനു വേണ്ട എല്ലാ കാര്യങ്ങളും.

എന്തിനധികം, ഓരോ സംഗീതോപകരണവും കൈകാര്യം ചെയ്യേണ്ട രീതിയടക്കം രാജ എഴുതിയിരിക്കും. ഉദാഹരണത്തിന് പല ശബ്ദവ്യതിയാനങ്ങള്‍ നല്‍കുന്ന ഓടക്കുഴലുകള്‍, വയലിന്‍ നാദങ്ങള്‍ അവ എങ്ങിനെ എവിടെയൊക്കെ കൂടിച്ചേരണമെന്നും..അങ്ങിനെയങ്ങിനെ..എല്ലാം വ്യക്തമായി.. മാത്രമല്ല..സഹപ്രവര്‍ത്തകരുടെ സൗകര്യത്തിനായി വേസ്റ്റേണ്‍ നൊട്ട്സിനിടക്ക്‌ ചില സ്വര ഭാഗങ്ങള്‍ തമിഴിലും അദ്ദേഹം എഴുതും.

അദ്ദേഹം Royal Philharmonic Orchestra (RPO) ക്ക് വേണ്ടി മുഴുവന്‍ സ്കോറും എഴുതിയിരുന്നു, ലോകത്തില്‍ ഏതു ഭാഗത്തുനിന്നുമുള്ള വാദ്യോപകരണ വിദഗ്ദര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ നോട്ട്സ്. അത്തരം സ്കോറില്‍ എല്ലാമുണ്ടായിരിക്കും. സ്കോര്‍ നോക്കി വായിച്ചു തുടങ്ങുക, മാസ്മര സംഗീതം ഒഴുകുകയായി !
മുന്‍പേ പറഞ്ഞ ഷോര്‍ട്ട്-സ്കോര്‍ രീതിയില്‍ ഒരു സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങ് നടക്കുന്നുവെന്നിരിക്കട്ടെ.. നീണ്ടുപോകുന്ന വയലിന്‍ നാദത്തിനിടയില്‍ ഓടക്കുഴല്‍ നാദവും വേണം.ആ ഭാഗം രാജ നോട്ട്സില്‍ എഴുതിയിരിക്കണമെന്നില്ല. ഈണം ഇളയരാജ എഴുതിരിക്കും, ഓടക്കുഴല്‍ വിദഗ്ദന്‍ അതനുസരിച്ച് വായിച്ചാല്‍ മാത്രം മതി. അതിന്റെ വേഗതയും സ്വര സ്ഥാനവും ഇളയാരാജ വാക്കാല്‍ നേരിട്ട് നിര്‍ദ്ദേശിച്ചാല്‍ മതി. റെക്കോര്‍ഡിങ്ങിനു ശേഷം മിക്സിങ്ങ് സമയത്ത് വയലിന്‍ നാദത്തിനനുസരിച്ച് ഓടക്കുഴല്‍ നാദവും ക്രമീകരിക്കാനാവും, ശബ്ദം ക്രമീകരിച്ച് ഒന്ന് കൂട്ടുകയും മറ്റൊന്ന് കുറക്കുകയുമാവാം.

എന്നാല്‍ ഒരു സംഗീത കച്ചേരിയില്‍ (concert) സംഗീതത്തിന്റെ മുഴുവന്‍ രൂപവും എഴുതിയിരിക്കണം. തല്‍സമയ സംഗീതമേളക്കായി സ്കോര്‍ എഴുതുകയെന്നത് ഒരു നിസ്സാര കാര്യമല്ല. മേളയില്‍ ഉപയോഗിക്കുന്ന ഓരോ സംഗീതോപകരണത്തെപ്പറ്റിയും വ്യക്തവും ആഴത്തിലുള്ളതുമായ അറിവും അതവിടെ കൈകാര്യം ചെയ്യുന്നവരെപ്പറ്റി ഒരു ധാരണയും ഉണ്ടായിരിക്കണം. വയലിനു വേണ്ടി ഒരു സ്കോര്‍ എഴുതുകയും സാക്സോഫോണ്‍കാരനോട് അതു വായിക്കുവാന്‍ പറയുകയും സാധ്യമല്ല. ഓരോ ഉപകരണത്തിനും പ്രത്യേകം നോട്ട്സ് എഴുതണം. ഒരു യഥാര്‍ത്ഥസംഗീത മേളയില്‍ (symphony) ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാവില്ലെന്നതോര്‍ക്കുക. മാത്രമല്ല, ഒരു സിംഫണിക്കായി മുഴുവന്‍ സംഗീത നോട്ട്സും എഴുതുന്നൊരാളുടെ ഭാവനയെക്കുറിച്ചും ഒന്നു ചിന്തിച്ചു നൊക്കുക.

മറ്റു ബാസ്സ്-സ്ട്രിങ്ങ് സംഗീതോപകരങ്ങള്‍ വായിക്കുന്നതിനിടക്ക് ഒരു ഓടക്കുഴല്‍ നാദം ഇടകലര്‍ത്തണമെങ്കില്‍ ഓരോ ഉപകരണങ്ങളുടെയും ശബ്ദനിലവാരം മനസ്സില്‍ സൂക്ഷിക്കേണ്ടതായി വരുമെന്നോര്‍ക്കുക, അതിനനുസരിച്ച നിര്‍ദ്ദേശം നോട്ട്സിലുണ്ടായിരിക്കണം, അല്ലെങ്കില്‍ ആ സ്വരത്തിന്‌ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല.

സിംഫണിക്ക് നോട്ട്സ് എഴുതുകയെന്നത് എത്ര ബുദ്ധിമുട്ടേറിയതാണെന്നറിയുക.

അടുത്തത്: പരിശീലനവും റെക്കോര്‍ഡിങ്ങും
(കടപ്പാട്: ശ്രീ കാര്‍ത്തി‍കേയന്‍ നാഗരാജനെഴുതിയ Making of Music, The Ilaiyaraaja Way എന്ന ലേഖനം, മലയാളം പകര്‍പ്പ് ലേഖകന്റെ അനുമതിയോടെ)

Sunday, June 1, 2008

സംഗീത മാന്ത്രികന്‌ ഇന്ന് പിറന്നാള്‍ !




സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ പിറന്നാള്‍ ദിനമാണിന്ന്. ആയിരത്തി തൊള്ളായിരത്തി നാല്പത്തിമൂന്ന് ജൂണ്‍ മാസം രണ്ടാം തിയതി തമിഴ് നാട്ടിലെ തേനി ജില്ലയിലെ പന്നയപുരം എന്ന ദേശത്ത് രാമസ്വാമിക്കും ചിന്നതായമ്മക്കും ജനിച്ച മൂന്നാമത്തെ പുത്രനാണ്‌ ഇളയരാജ. ജ്നാനദേശികന്‍ എന്നായിരുന്നു ആദ്യ പേര്‌.
ഇശൈജ്നാനി ഇളയരാജക്ക് ജന്മദിനാശംസകള്‍ !

Wednesday, May 14, 2008

അന്നക്കിളിക്ക് വയസ്സ് 32

ഇന്ന് മേയ് പതിനാല്‌, മുപ്പത്തി രണ്ടു വര്‍ഷം മുമ്പ് ഇതേ ദിവസത്തിലായിരുന്നു അന്നക്കിളി എന്ന തമിഴ് ചലചിത്രം റിലീസായത്. അതായത്, 1976 മേയ് 14ന്‌. ഇളയരാജയുടെ സംഗീത സംവിധാനത്തിലെ ആദ്യ ചിത്രം. മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അന്നക്കിളീ ഉന്നേ തേടുതേ..എന്ന ഇമ്പമയമായ ഗാനം ചെറുപ്പത്തോടെ നിലനില്‍ക്കുന്നു..അന്നക്കിളിയെന്ന സിനിമയുടെ ആശയം തന്നെ ഇളയരാജയുടെ ഗാനങ്ങളില്‍ നിന്നാണ്‌. അക്കഥ പിന്നീടൊരിക്കലെഴുതാം...

Wednesday, May 7, 2008

ഐഡിയ മൊബൈല്‍ ജിംഗിള്‍ | ഇളയരാജ

ഐഡിയ മൊബൈല്‍ ജിംഗിള്‍ അല്ലെങ്കില്‍ തീം മ്യൂസിക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ദിവസവും ടിവിചാനലുകളിലൂടെയും മൊബൈല്‍ റിങ്ടോണായും നമ്മളത് കേട്ടുകൊണ്ടിരിക്കുകയാണ്‌. അഭിഷേക് ബച്ചന്‍ നായകനായുള്ള ഐഡിയയുടെ പുതിയ പരസ്യങ്ങള്‍ കൊള്ളാം, നന്നായിരിക്കുന്നു. പല പരസ്യങ്ങളും, കാണുന്ന പ്രേക്ഷകനില്‍ മടുപ്പുളവാക്കുന്നവയാണെങ്കിലും ഈ കൊച്ചു ബച്ചന്റെ പ്രകടനം നമ്മെ രസിപ്പിക്കുന്നു, ഒപ്പം ആ തീം മ്യൂസിക്കും. എയര്‍ടെല്‍ ജിംഗിളിന്റെ സംഗീതം എ.ആര്‍.റഹ്മാനാണെന്ന് മാധ്യമങ്ങള്‍ വഴി നമുക്കറിയാം. എന്നാല്‍ ഐഡിയ ജിംഗിളിന്റെ സംഗീതം ആരുടെതായിരിക്കുമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രത്യേകിച്ചെവിടെയും ഇതു പരാമര്‍ശിച്ചുകണ്ടില്ല.

ഒടുവിലിതാ..ഐഡിയ ജിംഗിളിന്റെ ഉറവിടം ഇളയരാജയുടെ ഒരു കന്നഡ ഗാനത്തില്‍ നിന്നാണെന്നറിയുക. 1983 ല്‍ പുറത്തിറങ്ങിയ "പല്ലവി അനുപല്ലവി"എന്ന ചിത്രത്തിലെ 'നഗുവാ നയനാ'എന്നു തുടങ്ങുന്ന ഗാനമാണ്‌ പ്രശസ്തമായ ഐഡിയ ജിംഗിളായി മാറിയത്. ഈ ചിത്രത്തിനും ധാരാളം പ്രത്യേകതകളുണ്ട്. മണിരത്നം സംവിധാനം ചെയ്ത ആദ്യ ചിത്രം, ഹിന്ദി നടന്‍ അനില്‍ കപൂറായിരുന്നു നായകന്‍! സംവിധാന രംഗത്തും പ്രശസ്തനായ ബാലു മഹേന്ദ്രയായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്.ഐഡിയ ജിംഗിളിന്റെ യഥാര്‍ത്ഥ സംഗീതം ഇളയരാജയാണെന്ന് എത്ര പേര്‍ക്ക് അറിയാമെന്ന് സംശയമാണ്‌.

ഇനി മറ്റൊന്നു കൂടി. പരസ്യ രംഗത്ത് ഇളയരാജയുടെ ഈണങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഐഡിയ ജിംഗിളടക്കം ഈ "ലിഫ്റ്റിംഗ്സ് "പകര്‍പ്പവകാശം നേടിയിട്ടാണോ ചെയ്തിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പ്രശസ്തമായ ചില പരസ്യങ്ങള്‍ ഇവയാണ്‌: ലിറില്‍ ഓറഞ്ച്, കിസ്സാന്‍‍ ജാം, കിസ്സാന്‍ ഫ്രൂട്ട് ഡ്രിങ്ക്, എല്‍ജി പ്ലാസ്മ അങ്ങിനെ എത്രയൊ..ഇതുകൂടാതെ പ്രാദേശിക പരസ്യങ്ങള്‍ അനവധി. ഇതില്‍ ലിറില്‍ ഓറഞ്ചിന്റെ പരസ്യത്തില്‍ മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലിയെന്ന തെലുങ്ക് ചിത്രത്തിലെ 'ജല്ലന്ത'എന്ന ഗാനമായിരുന്നു കോപ്പി ചെയ്യപ്പെട്ടത്. കിസ്സാന്‍ ഫ്രൂട്ട് ജാം - ഇതു ഒരു പൊന്മാലൈ പൊഴുതു്‌, ചിത്രം നിഴല്‍കള്‍, കിസ്സാന്‍ ഫ്രൂട്ട് ഡ്രിങ്ക് - പുത്തന്‍ പുതു കാലൈ, ചിത്രം അലൈകള്‍ ഓയ് വതില്ലൈ, എല്‍ജി പ്ലാസ്മ - ഉറവെനും പുതിയ പാതൈ, ചിത്രം നെഞ്ചത്തെ കിള്ളാതൈ. ഇതില്‍ കിസ്സാന്റെയും ലിറിലിന്റെയും പരസ്യങ്ങള്‍ ചെയ്ത മി. ബാല്‍കി (സംവിധായകന്‍: ചീനി കം) ഇളയരാജയുടെ സംഗീതം പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനെപ്പറ്റി ഇവിടെ പറയുന്നു.

കൂടാതെ ഈയിടെയായി ധാരാളം ടിവി സീരിയലുകളില്‍, ഇളയരാജ മുന്‍പ് പല സിനിമകളിലും ചെയ്ത പശ്ചാത്തല സംഗീത ശകലങ്ങള്‍ വ്യാപകമായി പുന:സൃഷ്ടിക്കപ്പെടുന്നുണ്ട്. മലയാളത്തിലും തമിഴിലും ഇതു കൂടുതലായി കാണാം. ഇതൊന്നും പകര്‍പ്പവകാശം നേടിയവയല്ലെന്നാണറിയുന്നത്. എന്നാല്‍ മാസ്റ്റ്രോ ഇളയരാജ ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാറില്ല.
ഐഡിയ ജിംഗിളിന്‌ ഉപയോഗിച്ചിരിക്കുന്ന ഇളയരാജയുടെ ഗാനം താഴെ കാണുക:

Thursday, April 17, 2008

ഇളയരാജയുടെ കമ്പോസിങ്ങ് രീതി



ചെന്നൈയിലെ ആദ്യകാല റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോകളില്‍ പ്രശസ്തമാണ്‌ പ്രസാദ് സ്റ്റുഡിയോ. ഒരു പക്ഷേ പലരും ഓര്‍ക്കുന്നുണ്ടായിരിക്കും, ഈ അടുത്ത കാലം വരെ സിനിമാ ടൈറ്റില്‍ കാര്‍‍ഡുകളില്‍ സ്ഥിരമായി കാണാറുണ്ടായിരുന്ന ഒന്നായിരുന്നു, പ്രസാദ് സ്റ്റുഡിയോ. ഇളയരാജയുടെ റെക്കോര്‍ഡിങ്ങ് ബഹുഭൂരിപക്ഷവും അവിടെയാണ്‌ നടക്കാറ്. അവിടെ അദ്ദേഹത്തിന്‌ പ്രത്യേകമായി ഒരു മുറിയുണ്ട്.ഈ മുറിക്കുമുണ്ട് പ്രത്യേകത, അവിടെ കാര്യമായി ഫര്‍ണീച്ചറുകള്‍ ഒന്നുമില്ല. ഇളയരാജയും അതിഥികളും നിലത്തു വിരിച്ചിരിക്കുന്ന പരവതാനിയിലും മറ്റുമായാണിരിക്കുക. രമണ മഹര്‍ഷിയുടെ ചിത്രങ്ങളും അവിടെ കാണാം. ഇളയരാജ സിനിമാ സം വിധായകരുമായി ചര്‍‍ച്ചകള്‍ നടത്തുന്നത് മിക്കവാറും ഇവിടെ വച്ചായിരിക്കും. എപ്പോഴും ഇങ്ങിനെയായിരിക്കണമെന്നില്ല, മനസ്സിനക്കരെ എന്ന തന്റെ ചിത്രത്തിന്റെ ഡിസ്കഷനായി ഇളയരാജ കേരളത്തില്‍ വന്നത് സത്യന്‍ അന്തിക്കാട് അനുസ്മരിച്ചതോര്‍ക്കുന്നു. ഇളയരാജയുടെ സന്തതസഹചാരിയായി ഒരു ഹാര്‍മ്മോണൊയം എപ്പോഴും കാണാം (ചിത്രം ശ്രദ്ധിക്കുക). ഈയിടെ ഷാര്‍ജയില്‍ സംഗീതപരിപാടിയുമായി വന്നപ്പോഴും ഈ ഹാര്‍മ്മോണിയം രാജ സ്റ്റേജില്‍ ഉപയോഗിച്ചിരുന്നു, ഹാര്‍മ്മോണിയവും താനും തമ്മില്ലുള്ള അഭേദ്യ ബന്ധം രാജ അന്നു സൂചിപ്പിക്കുകയും ചെയ്തിരുന്നു

ആദ്യമായി സിനിമാ സംവിധായകര്‍ ഇളയരാജക്ക് ചിത്രത്തിന്റെ കഥ മുഴുവനായി പറഞ്ഞു കേള്‍‍പ്പിക്കുന്നു. പിന്നീടവര്‍ ഈ കഥയില്‍ ഗാനങ്ങള്‍ ഉള്‍‍ക്കൊള്ളിക്കാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍‍ഭങ്ങള്‍ വിശദീകരിക്കുകയായി. മിക്കപ്പോഴും അതൊരു കൂട്ടായ ചര്‍ച്ചയായി മാറും, പലപ്പോഴും ഇളയരാജ തന്നെ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. സംഗീതരംഗത്ത് കാര്യമായ അനുഭവസമ്പത്ത് കൈമുതലായുള്ള രാജയുടെ നിര്‍ദ്ദേശങ്ങള്‍ സംവിധായകര്‍ അംഗീകരിക്കാറുമുണ്ട്. ചിലപ്പോഴൊക്കെ ചര്‍ച്ചകളും കമ്പോസിങ്ങും രണ്ട് ഭാഗങ്ങളായാണ്‌ നടക്കാറ്. ആദ്യം കഥാ ചര്‍ച്ചയും പിന്നീട് സൗകര്യപ്രദമായൊരു ദിവസം ഗാനങ്ങളുടെ കമ്പോസിങ്ങും. ഇപ്പോള്‍ ഒരു ചിത്രത്തിനായി അഞ്ചു ഗാനങ്ങള്‍ വേണമെന്നും അതവിടെയൊക്കെ ഉപയോഗിക്കണമെന്നും തീരുമാനമായി എന്നിരിക്കട്ടെ. ഇനി ഓരോ ഗാനങ്ങളുടെയും ഈണം തെരഞ്ഞെടുക്കുകയായി.

ഓരോ സാഹചര്യത്തിനും അനുയോജ്യമായ ഈണം ഇളയരാജ ഹാര്‍മ്മോണിയത്തിന്റെ അകമ്പടിയോടെ പാടിക്കേള്‍പ്പിക്കും. ഒരു നല്ല ഗാനരചയിതാവ് കൂടിയായ രാജ പാടുന്ന വരികള്‍ തന്നെ പിന്നീട് ഗാന രചയിതാക്കള്‍ ഗാനത്തിനായി സ്വീകരിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്, മലയാളത്തില്‍ പോലും ! ഈ പാടുന്നതെല്ലാം ഒരു ടേപ്പില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരിക്കും.അതിങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കും, സംവിധായകനോ നിര്‍മ്മാതാവോ ഗാനങ്ങള്‍ തെരഞ്ഞെടുക്കും വരെ. വളരെ ചുരുങ്ങിയ സമയംകൊണ്ടായിരിക്കും ഇതെല്ലാം പൂര്‍ത്തിയാവുക. ഒരു ഉദാഹരണത്തിനു്‌, ചിന്നത്തമ്പി എന്ന ചിത്രത്തിന്റെ കാര്യം തന്നെയെടുക്കാം. തമിഴ് നാട്ടില്‍ മാത്രമല്ല, കേരളത്തിലും സൂപ്പര്‍ ഹിറ്റായ ചിത്രമാണ്‌ പ്രഭുവും ഖുശ് ബുവും പ്രധാന വേഷങ്ങളിലഭിനയിച്ച ചിന്നത്തമ്പി. ഇപ്പോഴും സൂപ്പര്‍ ഹിറ്റായ അതിലെ ഗാനങ്ങള്‍ തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പാട്ടുകള്‍ കേട്ടാണ്‌ ജനങ്ങള്‍ തീയേറ്ററിലേക്ക് ഇരമ്പിയതും. ഈ ചിത്രത്തിലെ പാട്ടുകളുടെ കമ്പോസിങ്ങിന്‌ നാല്പത്തഞ്ചു മിനിറ്റ് പോലും എടുത്തിരുന്നില്ലെന്ന് സം വിധായകനായിരുന്ന പി. വാസു ഓര്‍മ്മിക്കുന്നു. "ഞങ്ങള്‍ ഓരോ സീനുകള്‍ പറയുമ്പോഴും രാജ ഈണങ്ങളിങ്ങനെ പാടുകയും അപ്പോഴപ്പോള്‍ തന്നെ അതെല്ലാം തീരുമാനിക്കുകയുമായിരുന്നു. എല്ലാം മനോഹരങ്ങളായ ഈണങ്ങളും, പെട്ടെന്ന് തീര്‍ന്നു -കഥ പറച്ചിലും, പാട്ടുകള്‍ പിറക്കലും"

അങ്ങിനെ ഒരു ഈണം തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് മറ്റൊരു ടേപ്പില്‍ റെക്കോര്‍ഡ് ചെയ്യും. അതിന്റെ ഒരു കോപ്പി പിന്നീട് ഗാനരചയിതാവിനു നല്‍ക്കുന്നതായിരിക്കും. ഈ ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ പാട്ടെഴുതുന്നയാളെ തീരുമാനിച്ചുകഴിഞ്ഞിരിക്കും. കമ്പോസിങ്ങ് വേളയില്‍ ഇളയരാജയോടൊപ്പം ഒരാള്‍ അസിസ്റ്റന്റായി ഉണ്ടായിരിക്കും, മി. സൗന്ദര്‍ രാജന്‍‍. ഇദ്ദേഹമാണ്‌ ഇളയരാജയുടെ വോക്കല്‍ അസിസ്റ്റന്റ്. ട്യൂണ്‍ ടേപ്പ് ലൈബ്രറിയുടെ ഉത്തരവാദിത്വവും ഇദ്ദേഹത്തിനാണ്‌.

തെരഞ്ഞെടുക്കപ്പെട്ട ഓരോ ഈണങ്ങളുടെയും നൊട്ടേഷന്‍ എഴുതിയെടുക്കുന്നത് മി.സൗന്ദര്‍ രാജനാണ്‌. ഗായകരെ പാട്ടു പഠിപ്പിക്കാനും പിന്നീട് റെക്കോര്‍ഡിങ്ങ് സമയത്തും സൗന്ദര്‍ രാജന്‍ ഈ നോട്ടേഷന്‍സ് ഉപയോഗിക്കും. പലപ്പോഴും കമ്പോസിങ്ങ് ദിവസം തന്നെ റേക്കോര്‍ഡിങ്ങും പൂര്‍ത്തിയാവാറുണ്ട്, മറ്റുചിലപ്പോള്‍ ചില ദിവസങ്ങള്‍ക്കു ശേഷവും.

(അടിക്കുറിപ്പ്: ഒരു പ്രൊജക്റ്റ് ഏല്‍ക്കണമങ്കില്‍ ഇളയരാജക്ക് ചില നിര്‍ബ്ബന്ധങ്ങളൊക്കെയുണ്ട്. കഥ മുതല്‍ സിനിമയുടെ പേരു വരെ ഇതില്‍ പെടും. സിനിമക്ക് നിശ്ചയിച്ച പേരിലെ അഭിപ്രായ വ്യത്യാസം ഒന്നു കൊണ്ടു മാത്രം ഉടക്കിപ്പോയ പ്രോജക്ടുകളുണ്ട്. )
തുടരും..


അടുത്തത്: ഫുള്‍ സ്കോര്‍ കമ്പോസിങ്ങ്

(കടപ്പാട്: ശ്രീ കാര്‍ത്തി‍കേയന്‍ നാഗരാജനെഴുതിയ Making of Music, The Ilaiyaraaja Way എന്ന ലേഖനം, മലയാളം പകര്‍പ്പ് ലേഖകന്റെ അനുമതിയോടെ)

Monday, April 14, 2008

ഇളയരാജയുടെ സംഗീതം | ആരംഭിക്കുന്നു

ഇളയരാജ സിനിമകള്‍ക്കു വേണ്ടി ചെയ്യുന്ന സംഗീതത്തെ നമുക്കു "പ്രോഗ്രാം മ്യൂസിക്"എന്നു വിശേഷിപ്പിക്കാം. അതായത് ഒരു പ്രത്യേക രംഗത്തിനോ, അഭിനയ മുഹൂര്‍ത്തത്തിനോ അനുയോജ്യമായ സംഗീതമാണദ്ദേഹം രൂപപ്പെടുത്തുന്നത്. പാശ്ചാത്യ സംഗീത രംഗത്ത് "ആബ്സല്യൂട്ട് മ്യൂസിക്"എന്നൊരു വിഭാഗം കൂടിയുണ്ട്. മനസ്സില്‍ രൂപപ്പെടുന്ന സംഗീതം, അതേപടി പകര്‍‍ത്തുന്നരീതി. ഇതിന്‌ ഒരു പ്രത്യേക ചട്ടക്കൂടോ, സാഹചര്യമോ ഉണ്ടായിരിക്കണമെന്നില്ല.

സിനിമാ സംഗീതത്തില്‍ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. ഒരു കവി അല്ലെങ്കില്‍ ഗാനരചയിതാവെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കി പാട്ടുകളുണ്ടാക്കുക, പൂര്‍ത്തിയായ ഒരു ചിത്രത്തിന്‌ പാശ്ചാത്തല സംഗീതമൊരുക്കുക എന്നിങ്ങനെ. സിനിമാ ഭാഷയില്‍ ഇതിനെ റീ-റെക്കോര്‍ഡിങ്ങ് എന്നു പറയുന്നു. ഇളയരാജ പാട്ടൊരുക്കുന്ന ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയായിരിക്കും റീ-റെക്കോര്‍ഡിങ്ങും ചെയ്യുന്നത്. ഗാനങ്ങള്‍‍ പോലെത്തന്നെ ശ്രദ്ധേയവും ഹൃദ്യവുമാണ്‌ ഇളയരാജയുടെ പശ്ചാത്തല സംഗീതവും. സിന്ധുഭൈരവി, വര്‍ഷം പതിനാറ്, അഥര്‍വ്വം, മൂന്നാം പക്കം അങ്ങിനെയങ്ങിനെ എത്രയോ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ഇന്നും നാമോര്‍ക്കുന്നു. സാമ്രാജ്യം (മമ്മൂട്ടി-ജോമോന്‍) അതിലെ റീ-റെക്കോര്‍ഡിങ്ങിനാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഒരു രംഗത്ത് സം വിധായകന്‍ ഉദ്ദേശിക്കുന്ന മൂഡ് കൊണ്ടുവരുവാന്‍ സംഗീതം എത്രമാത്രം സഹായകമാവുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്‌ ഇളയരാജയുടെ ഓരോ ചിത്രങ്ങളും. ഈയടുത്തകാലം വരെ ഇളയരാജയുടെ സിനിമകളിലെ പശ്ചാത്തല സംഗീതം വെബില്‍ ലഭ്യമായിരുന്നുവെങ്കിലും, മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന agimusic എന്നൊരു സ്ഥാപനം ഇളയരാജയുടെ പശ്ചാത്തലസംഗീതങ്ങളുടെയെല്ലാം പകര്‍പ്പവകാശം നേടിയതിനെത്തുടര്‍ന്ന് അതെല്ലാം നീക്കം ചെയ്യപ്പെട്ടു.

അദ്ദേഹത്തിന്റെ സിനിമകളിലെ റീ-റെക്കോര്‍ഡിങ്ങിനെപ്പറ്റി എഴുതുകയാണെങ്കില്‍ ഓരോ സിനിമകളെക്കുറിച്ചും പേജുകള്‍ എഴുതേണ്ടിവരും. അതു പിന്നൊരിക്കലാവാം.. (തുടരും)

അടുത്തത്: ഇളയരാജയുടെ കമ്പോസിങ്ങ് രീതി

(കടപ്പാട്: ശ്രീ കാര്‍ത്തി‍കേയന്‍ നാഗരാജനെഴുതിയ Making of Music, The Ilaiyaraaja Way എന്ന ലേഖനം, മലയാളം പകര്‍പ്പ് ലേഖകന്റെ അനുമതിയോടെ)

Sunday, March 30, 2008

ഗുല്‍സാറും ഇളയരാജയും

"യേ സിന്തഗീ..ഗലേ ലഗാ ലേ.." ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുല്‍സാറിന്റെ വരികള്‍ക്ക് ഇളയരാജ നല്‍കിയ ഈണം. "സുറുമൈ ആങ്കിയോം മെ..നന്ന മുന്ന എക് സപ്ന ദേ ജാരേ.." സാദ്മ യെന്ന ആ ചിത്രത്തിലെ മറ്റൊരു ഗാനം. കമലഹാസനും ശ്രീദേവിയും നായികാ നായകന്മാരായ അഭിനയിച്ച മൂന്നാം പിറയെന്ന തമിഴ് ചിത്രം ഹിന്ദിയിലാക്കിയപ്പോള്‍ ബാലു മഹേന്ദ്ര സംഗീത സം വിധാനം ഇളയരാജയെത്തന്നെ ഏല്പിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളെത്രയോ തവണ ആ ഗാനങ്ങള്‍ കേട്ടുകഴിഞ്ഞു, ഇന്നും പുത്തനുണര്‍വോടെ ഈ ഗാനങ്ങള്‍ നാം ആസ്വദിക്കുന്നു.
പിന്നിട് നടി രേവതിയുടെ മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ..അജോയ് വര്‍മ്മ സംവിധാനം നിര്‍വ്വഹിക്കുന്ന ഇനിയും പേരിടാത്ത ഒരു ചിത്രത്തിനു വേണ്ടി ഗുസാറും ഇളയരാജയും ഒരുമിക്കുകയാണ്‌. ചില ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങ് തീര്‍ന്നു കഴിഞ്ഞിരിക്കുന്നു.
അമിതാബ് ബച്ചനും തബുവും മുഖ്യ വേഷത്തിലെത്തിയ 'ചീനി കം' ആയിരുന്നു ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ഹിന്ദി ചിത്രം.