ഇളയരാജ - ഫുള്‍ സ്കോര്‍ കമ്പോസിങ്ങ്
ഇളയരാജയുടെ കമ്പോസിങ്ങ് രീതിയെക്കുറിച്ച് ഇതിനു മുന്‍പുള്ള പോസ്റ്റില്‍ വിവരിച്ചിരുന്നത് ഓര്‍ക്കുമല്ലോ. ഇനി റെക്കോര്‍ഡിങ്ങിനെക്കുറിച്ച്: റെക്കോര്‍ഡിങ്ങ് ദിവസം രാവിലെ കൃത്യം ഏഴു മണിക്കുതന്നെ രാജ സ്റ്റുഡിയോയില്‍ എത്തിയിരിക്കും. സഹായി സൗന്ദര്‍ രാജന്‍ ആ ദിവസം റെക്കോര്‍ഡിങ്ങ് നിശ്ചയിച്ച ട്യൂണ്‍ ടേപ്പുമായി ഇളയരാജയുടെ റൂമില്‍ റെഡിയായി നില്പൂണ്ടായിരിക്കും. (സംവിധായകനുമായുള്ള ചര്‍ച്ചയില്‍ തീരുമാനിക്കപ്പെട്ട ഈണങ്ങളുടെ-കമ്പോസിങ്ങ് സമയത്ത് റെക്കോര്‍ഡ് ചെയ്ത ടേപ്പ്). സിനിമാ സംവിധായകനും ഈ അവസരത്തില്‍ അവിടെയുണ്ടായിരിക്കും. സംവിധായകന്‍ ഗാനരംഗത്തെപ്പറ്റി ഒന്നു കൂടി വിശദീകരിക്കും, ഒപ്പം ആ ഗാനം എങ്ങിനെയൊക്കെയാണ് ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും.
ഉദാഹണത്തിന് നായിക പാടുന്നതാണ് ഗാനരംഗം, പാട്ടിനിടയില്‍ അതേ സമയം ഒരു ദുരന്ത രംഗം കാണിക്കേണ്ടിവരുന്നു. ഇത്തരം പ്രത്യേക സാഹചര്യങ്ങള്‍ക്കായി ഈണങ്ങളില്‍ പലവിധ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. വീണ്ടുമൊരുദാഹരണത്തിന് മുതിരട്ടെ. ചിത്രം: നാന്‍ പാടും പാടല്‍ഈ ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനമാണ് "പാടവാ ഉന്‍ പാടലൈ". സിനിമയില്‍ അംബിക ഒരു റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോവില്‍ പാടിക്കൊണ്ടിരിക്കുന്ന രംഗമാണ്. അതിനിടയില്‍ അവിടേക്കു വന്നു കൊണ്ടിരിക്കുകയായിരുന്ന നായകന്‍ (നടന്‍ മോഹന്‍) അപകടത്തില്‍ പെട്ട് മരണമടയുന്നു. ഈ ഗാനത്തിനിടക്ക് വരുന്ന സംഗീത ശകലങ്ങള്‍ രംഗത്തിനനുയോജ്യമായതാവണം, ഒപ്പം ഈ ഗാനം സിനിമയിലല്ലാതെ കേള്‍ക്കുന്നൊരാള്‍ക്ക് അരുചി തോന്നുകയുമരുത്. ഇദയക്കോയില്‍ എന്ന ചിത്രത്തിലെ "യാര്‍ വീട്ടു റോജാ" എന്ന ഗാനവും ഇത്തരത്തിലുള്ളതാണ്.ഇനി ഒരു സംഘനൃത്തമാണ് പ്ലാന്‍ ചെയ്യുന്നെങ്കില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഗാനത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും.
അങ്ങിനെ ഇത്തരം പ്ലാനിങ്ങുകളെല്ലാം ചര്‍ച്ച ചെയ്തതിന് ശേഷം ഇളയരാജ ട്യൂണ്‍ ടേപ്പ് ഒന്നു കൂടി കേള്‍ക്കുന്നു. ട്യൂണ്‍ നിശ്ചയിച്ചതിനുശേഷം ഈ റെക്കോര്‍ഡിങ്ങ് ദിവസത്തിനുള്ളില്‍ ഇതിനോടകം മറ്റു പല കഥകള്‍ ചര്‍ച്ചചെയ്യപ്പെടുകയും ഈണങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കും. അതിനാല്‍ തന്നെ ടേപ്പ് വീണ്ടും കേള്‍ക്കുക എന്നത് ആവശ്യമായി വരും.
സ്ഥിരമായി പശ്ചാത്തലസംഗീതരംഗത്ത് ഉപയോഗിക്കാത്ത അനേകം വാദ്യോപകരണങ്ങളുണ്ട്. സിത്താര്‍, വീണ, സാരംഗി, ഷെഹ്നായി എന്നിവ അവയില്‍ ചിലതാണ്. റെക്കോര്‍ഡിങ്ങിന് ഇവ ആവശ്യമാണെങ്കില്‍ ഇളയരാജ അത് പ്രോഗ്രാം അസ്സിസ്റ്റന്‍സായ കല്ല്യാണം, സുബ്ബയ്യ എന്നിവരെ അറിയിക്കും. റിഹേഴ്സലിനും റെക്കോര്‍ഡിങ്ങിനും ഇതെല്ലാം സജ്ജമാക്കുക എന്നത് ഇവരുടെ ചുമതലയാണ്.
ഇളയരാജ ഗാനത്തിന്റെ മുഴുവന്‍ രൂപവും എഴുതുകയായി. അദ്ദേഹം നോട്ട്സ് രൂപപ്പെടുത്തുന്നത് - അതൊരു അതിശയകരമായ കാഴ്ചയാണ്. പാട്ട് മനസ്സില്‍ നിന്നും കടലാസിലേക്ക് ഒഴുകുകയായി. അതും അതിവേഗത്തില്‍..പശ്ചാത്തല സംഗീതം വരെ ഒപ്പത്തിനൊപ്പം അദ്ദേഹം കുറിച്ചു കഴിയും.
ദൈവീക വരദാനം എന്നല്ലാതെ എന്തു പറയാന്‍..മുന്‍ കൂട്ടിയുള്ള തയ്യാറെടുപ്പോ മറ്റൊരുക്കങ്ങളോ കൂടാതെ മനസ്സില്‍ നിന്നും നേരിട്ട് സംഗീതം നോട്ട്സുകളായി മാറുന്നു. ഈണത്തിന് വ്യത്യാസം വരുത്താതെ തന്നെ, ചില പ്രത്യേക ട്വിസ്റ്റുകളും പുനര്‍ ക്രമീകരണങ്ങളുമെല്ലാം അദ്ദേഹം പൊടുന്നനെ നിര്‍ദ്ദേശിക്കും. ഗാനങ്ങള്‍ അത്യാകര്‍ഷകങ്ങളായിത്തീരുകയും ചെയ്യും.
ഗാനരൂപീകരണത്തെപ്പറ്റി ഇളയരാജ തന്നെ പറയുന്നതിങ്ങനെ: ഗാനരൂപീകരണത്തിനു തയ്യാറെടുക്കുമ്പോള്‍ ഒരു മിന്നായം പോലെ മുഴുവന്‍ ഗാനവും മൂന്നു മേഖലകളായി തന്നില്‍ ജനിക്കപ്പെടുന്നതായി തോന്നുന്നു. ആദ്യമായി മുഴുവന്‍ ഗാനത്തിന്റെയും താളം ! രണ്ടാമതായി മുഴുവന്‍ ഓര്‍ക്കസ്റ്റ്രേഷന്‍ ! മൂന്നാമതായി മുഴുവന്‍ സ്വര രൂപവും ! തന്റെ കൈകളേക്കാള്‍ വേഗതയാണ് മനസ്സിനെന്നു തോന്നിപ്പോകുന്ന നിമിഷങ്ങള്‍. അദ്ദേഹം തുടരുന്നു: പിന്നെ ഞാന്‍ മനസ്സിലുദിച്ച സംഗീതം കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ ആകെ മാറ്റപ്പെടുന്നു. ചുരുക്കത്തില്‍, ഉള്ളിലാദ്യം ജനിച്ച ഈണമായിരിക്കില്ല ഗാനം അവസാനരൂപമെത്തുമ്പോള്‍ ! ആദ്യമുടലെടുത്ത ഈണമായിരുന്നുവോ അവസാനരൂപമെത്തിയ ഈണമായിരുന്നുവോ നല്ലതെന്നു ചോദിച്ചാല്‍...എനിക്കറിയില്ല. അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേര്‍ക്കുന്നു: എന്റെ മനസ്സില്‍ പൊടുന്നനെ രൂപപ്പെടുന്ന സംഗീതം മുഴുവനായി അതേപടി ഉടനെ പകര്‍ത്താനാവുന്ന ഒരു ഉപകരണം ലഭ്യമാവുമോ ?
അദ്ദേഹത്തിന്റെ രീതിയനുസരിച്ച് സ്കോര്‍ ഷീറ്റിന്റെ വലതു വശത്തു് മുകളിലായി ഇതൊരു രാവിലെ ഏഴുമണിയുടെ ഖണ്ഡമാണോ ഉച്ചക്ക് രണ്ടു മണിയ്യുടെ ഖണ്ഡമാണോ എന്ന് രേഖപ്പെടുത്തിയിരിക്കും. മുകളില്‍ ഇടതു വശത്തായി ആ ഗാനത്തിന്റെ ഗായകന്‍ അല്ലെങ്കില്‍ ഗായികയുടെ പേര് എഴുതിയിരിക്കും. പ്രൊഡക്ഷന്‍ കമ്പനിയുടെ പേരും ഗാനത്തിന്റെ ആദ്യ വരിയും അതേ ഷീറ്റില്‍ രേഖപ്പെടുത്താറുണ്ട്.
1989 വരെയുള്ള കാലഘട്ടത്തില്‍ ദിവസേന രാവിലെയും വൈകീട്ടുമായി രണ്ടു ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന രീതിയായിരുന്നു ഇളയരാജക്ക്. ചിലപ്പോഴൊക്കെ അടുത്തടുത്ത സ്റ്റുഡിയോകളിലായി ഒരേ ദിവസം നാലു ഗാനങ്ങള്‍ റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയാക്കുന്ന പതിവുമുണ്ട്.
സമയം രാവിലെ എട്ടാകുന്നു, സ്കോര്‍ തയ്യാറായിക്കഴിഞ്ഞു.
സാങ്കേതിക സംഗീത ഭാഷയില്‍ 'ഷോര്‍ട്ട് - സ്കോര്‍' ആണ് ഇളയരാജ ആദ്യമായി എഴുതുന്നത്. അതായത് ഇപ്പോള്‍ എഴുതിക്കഴിഞ്ഞിരിക്കുന്നത് ഒരു ഗാനത്തിന്റെ മുഴുവന്‍ രൂപമല്ല. ഇനിയും ധാരാളം മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും റിഹേഴ്സല്‍ സമയത്തും റെക്കോര്‍ഡിങ്ങ് വേളയിലും അദ്ദേഹം നിര്‍ദ്ദേശിക്കും. ഇളയരാജയുടെ സംഗീത-വാദ്യോപകരണ വിഭാഗത്തിലുള്ളവര്‍ അനേക വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കൂടെയുളളവരാണ്. ഇളയരാജയുടെ സംഗീത രീതികള്‍ നല്ലവണ്ണം അറിയുന്നവര്‍. ചില ഭാഗങ്ങളില്‍ എന്തു വേണമെന്ന് നല്ല നിശ്ചയമുള്ളവര്‍. അതിനാല്‍ തന്നെ അവര്‍ ഉപകരണ സംഗീതം കൊണ്ട് ചില പ്രത്യേക സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യും, അതല്ലെങ്കില്‍ ഇളയരാജ തന്നെ സമയോചിതമായ ഇടപെടലുകളിലൂടെ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.
ഇളയരാജ എഴുതിയിക്കുന്ന സ്കോറില്‍ എല്ലാമുണ്ടായിരിക്കും, കോറസ് വേണ്ട സന്ദര്‍ഭങ്ങള്‍, അവര്‍ പാടേണ്ട ഗാനശകലങ്ങള്‍, പുരുഷ/സ്ത്രീ ശബ്ദങ്ങള്‍ പാടേണ്ട ഭാഗങ്ങള്‍, അതു തനിയേയോ ഒരുമിച്ചോ എന്നിങ്ങനെ ഒരു ഗാന പൂര്‍ത്തീകരണത്തിനു വേണ്ട എല്ലാ കാര്യങ്ങളും.
എന്തിനധികം, ഓരോ സംഗീതോപകരണവും കൈകാര്യം ചെയ്യേണ്ട രീതിയടക്കം രാജ എഴുതിയിരിക്കും. ഉദാഹരണത്തിന് പല ശബ്ദവ്യതിയാനങ്ങള്‍ നല്‍കുന്ന ഓടക്കുഴലുകള്‍, വയലിന്‍ നാദങ്ങള്‍ അവ എങ്ങിനെ എവിടെയൊക്കെ കൂടിച്ചേരണമെന്നും..അങ്ങിനെയങ്ങിനെ..എല്ലാം വ്യക്തമായി.. മാത്രമല്ല..സഹപ്രവര്‍ത്തകരുടെ സൗകര്യത്തിനായി വേസ്റ്റേണ്‍ നൊട്ട്സിനിടക്ക് ചില സ്വര ഭാഗങ്ങള്‍ തമിഴിലും അദ്ദേഹം എഴുതും.
അദ്ദേഹം Royal Philharmonic Orchestra (RPO) ക്ക് വേണ്ടി മുഴുവന്‍ സ്കോറും എഴുതിയിരുന്നു, ലോകത്തില്‍ ഏതു ഭാഗത്തുനിന്നുമുള്ള വാദ്യോപകരണ വിദഗ്ദര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ നോട്ട്സ്. അത്തരം സ്കോറില്‍ എല്ലാമുണ്ടായിരിക്കും. സ്കോര്‍ നോക്കി വായിച്ചു തുടങ്ങുക, മാസ്മര സംഗീതം ഒഴുകുകയായി !
മുന്‍പേ പറഞ്ഞ ഷോര്‍ട്ട്-സ്കോര്‍ രീതിയില്‍ ഒരു സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങ് നടക്കുന്നുവെന്നിരിക്കട്ടെ.. നീണ്ടുപോകുന്ന വയലിന്‍ നാദത്തിനിടയില്‍ ഓടക്കുഴല്‍ നാദവും വേണം.ആ ഭാഗം രാജ നോട്ട്സില്‍ എഴുതിയിരിക്കണമെന്നില്ല. ഈണം ഇളയരാജ എഴുതിരിക്കും, ഓടക്കുഴല്‍ വിദഗ്ദന്‍ അതനുസരിച്ച് വായിച്ചാല്‍ മാത്രം മതി. അതിന്റെ വേഗതയും സ്വര സ്ഥാനവും ഇളയാരാജ വാക്കാല്‍ നേരിട്ട് നിര്‍ദ്ദേശിച്ചാല്‍ മതി. റെക്കോര്‍ഡിങ്ങിനു ശേഷം മിക്സിങ്ങ് സമയത്ത് വയലിന്‍ നാദത്തിനനുസരിച്ച് ഓടക്കുഴല്‍ നാദവും ക്രമീകരിക്കാനാവും, ശബ്ദം ക്രമീകരിച്ച് ഒന്ന് കൂട്ടുകയും മറ്റൊന്ന് കുറക്കുകയുമാവാം.
എന്നാല്‍ ഒരു സംഗീത കച്ചേരിയില്‍ (concert) സംഗീതത്തിന്റെ മുഴുവന്‍ രൂപവും എഴുതിയിരിക്കണം. തല്‍സമയ സംഗീതമേളക്കായി സ്കോര്‍ എഴുതുകയെന്നത് ഒരു നിസ്സാര കാര്യമല്ല. മേളയില്‍ ഉപയോഗിക്കുന്ന ഓരോ സംഗീതോപകരണത്തെപ്പറ്റിയും വ്യക്തവും ആഴത്തിലുള്ളതുമായ അറിവും അതവിടെ കൈകാര്യം ചെയ്യുന്നവരെപ്പറ്റി ഒരു ധാരണയും ഉണ്ടായിരിക്കണം. വയലിനു വേണ്ടി ഒരു സ്കോര്‍ എഴുതുകയും സാക്സോഫോണ്‍കാരനോട് അതു വായിക്കുവാന്‍ പറയുകയും സാധ്യമല്ല. ഓരോ ഉപകരണത്തിനും പ്രത്യേകം നോട്ട്സ് എഴുതണം. ഒരു യഥാര്‍ത്ഥസംഗീത മേളയില്‍ (symphony) ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാവില്ലെന്നതോര്‍ക്കുക. മാത്രമല്ല, ഒരു സിംഫണിക്കായി മുഴുവന്‍ സംഗീത നോട്ട്സും എഴുതുന്നൊരാളുടെ ഭാവനയെക്കുറിച്ചും ഒന്നു ചിന്തിച്ചു നൊക്കുക.
മറ്റു ബാസ്സ്-സ്ട്രിങ്ങ് സംഗീതോപകരങ്ങള്‍ വായിക്കുന്നതിനിടക്ക് ഒരു ഓടക്കുഴല്‍ നാദം ഇടകലര്‍ത്തണമെങ്കില്‍ ഓരോ ഉപകരണങ്ങളുടെയും ശബ്ദനിലവാരം മനസ്സില്‍ സൂക്ഷിക്കേണ്ടതായി വരുമെന്നോര്‍ക്കുക, അതിനനുസരിച്ച നിര്‍ദ്ദേശം നോട്ട്സിലുണ്ടായിരിക്കണം, അല്ലെങ്കില്‍ ആ സ്വരത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല.
സിംഫണിക്ക് നോട്ട്സ് എഴുതുകയെന്നത് എത്ര ബുദ്ധിമുട്ടേറിയതാണെന്നറിയുക.
അടുത്തത്: പരിശീലനവും റെക്കോര്‍ഡിങ്ങും
(കടപ്പാട്: ശ്രീ കാര്‍ത്തികേയന്‍ നാഗരാജനെഴുതിയ Making of Music, The Ilaiyaraaja Way എന്ന ലേഖനം, മലയാളം പകര്‍പ്പ് ലേഖകന്റെ അനുമതിയോടെ)
Friday, June 20, 2008
Sunday, June 1, 2008
സംഗീത മാന്ത്രികന് ഇന്ന് പിറന്നാള്‍ !
സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ പിറന്നാള്‍ ദിനമാണിന്ന്. ആയിരത്തി തൊള്ളായിരത്തി നാല്പത്തിമൂന്ന് ജൂണ്‍ മാസം രണ്ടാം തിയതി തമിഴ് നാട്ടിലെ തേനി ജില്ലയിലെ പന്നയപുരം എന്ന ദേശത്ത് രാമസ്വാമിക്കും ചിന്നതായമ്മക്കും ജനിച്ച മൂന്നാമത്തെ പുത്രനാണ് ഇളയരാജ. ജ്നാനദേശികന്‍ എന്നായിരുന്നു ആദ്യ പേര്.
ഇശൈജ്നാനി ഇളയരാജക്ക് ജന്മദിനാശംസകള്‍ !
Subscribe to:
Posts (Atom)