Pages

Thursday, April 17, 2008

ഇളയരാജയുടെ കമ്പോസിങ്ങ് രീതി



ചെന്നൈയിലെ ആദ്യകാല റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോകളില്‍ പ്രശസ്തമാണ്‌ പ്രസാദ് സ്റ്റുഡിയോ. ഒരു പക്ഷേ പലരും ഓര്‍ക്കുന്നുണ്ടായിരിക്കും, ഈ അടുത്ത കാലം വരെ സിനിമാ ടൈറ്റില്‍ കാര്‍‍ഡുകളില്‍ സ്ഥിരമായി കാണാറുണ്ടായിരുന്ന ഒന്നായിരുന്നു, പ്രസാദ് സ്റ്റുഡിയോ. ഇളയരാജയുടെ റെക്കോര്‍ഡിങ്ങ് ബഹുഭൂരിപക്ഷവും അവിടെയാണ്‌ നടക്കാറ്. അവിടെ അദ്ദേഹത്തിന്‌ പ്രത്യേകമായി ഒരു മുറിയുണ്ട്.ഈ മുറിക്കുമുണ്ട് പ്രത്യേകത, അവിടെ കാര്യമായി ഫര്‍ണീച്ചറുകള്‍ ഒന്നുമില്ല. ഇളയരാജയും അതിഥികളും നിലത്തു വിരിച്ചിരിക്കുന്ന പരവതാനിയിലും മറ്റുമായാണിരിക്കുക. രമണ മഹര്‍ഷിയുടെ ചിത്രങ്ങളും അവിടെ കാണാം. ഇളയരാജ സിനിമാ സം വിധായകരുമായി ചര്‍‍ച്ചകള്‍ നടത്തുന്നത് മിക്കവാറും ഇവിടെ വച്ചായിരിക്കും. എപ്പോഴും ഇങ്ങിനെയായിരിക്കണമെന്നില്ല, മനസ്സിനക്കരെ എന്ന തന്റെ ചിത്രത്തിന്റെ ഡിസ്കഷനായി ഇളയരാജ കേരളത്തില്‍ വന്നത് സത്യന്‍ അന്തിക്കാട് അനുസ്മരിച്ചതോര്‍ക്കുന്നു. ഇളയരാജയുടെ സന്തതസഹചാരിയായി ഒരു ഹാര്‍മ്മോണൊയം എപ്പോഴും കാണാം (ചിത്രം ശ്രദ്ധിക്കുക). ഈയിടെ ഷാര്‍ജയില്‍ സംഗീതപരിപാടിയുമായി വന്നപ്പോഴും ഈ ഹാര്‍മ്മോണിയം രാജ സ്റ്റേജില്‍ ഉപയോഗിച്ചിരുന്നു, ഹാര്‍മ്മോണിയവും താനും തമ്മില്ലുള്ള അഭേദ്യ ബന്ധം രാജ അന്നു സൂചിപ്പിക്കുകയും ചെയ്തിരുന്നു

ആദ്യമായി സിനിമാ സംവിധായകര്‍ ഇളയരാജക്ക് ചിത്രത്തിന്റെ കഥ മുഴുവനായി പറഞ്ഞു കേള്‍‍പ്പിക്കുന്നു. പിന്നീടവര്‍ ഈ കഥയില്‍ ഗാനങ്ങള്‍ ഉള്‍‍ക്കൊള്ളിക്കാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍‍ഭങ്ങള്‍ വിശദീകരിക്കുകയായി. മിക്കപ്പോഴും അതൊരു കൂട്ടായ ചര്‍ച്ചയായി മാറും, പലപ്പോഴും ഇളയരാജ തന്നെ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. സംഗീതരംഗത്ത് കാര്യമായ അനുഭവസമ്പത്ത് കൈമുതലായുള്ള രാജയുടെ നിര്‍ദ്ദേശങ്ങള്‍ സംവിധായകര്‍ അംഗീകരിക്കാറുമുണ്ട്. ചിലപ്പോഴൊക്കെ ചര്‍ച്ചകളും കമ്പോസിങ്ങും രണ്ട് ഭാഗങ്ങളായാണ്‌ നടക്കാറ്. ആദ്യം കഥാ ചര്‍ച്ചയും പിന്നീട് സൗകര്യപ്രദമായൊരു ദിവസം ഗാനങ്ങളുടെ കമ്പോസിങ്ങും. ഇപ്പോള്‍ ഒരു ചിത്രത്തിനായി അഞ്ചു ഗാനങ്ങള്‍ വേണമെന്നും അതവിടെയൊക്കെ ഉപയോഗിക്കണമെന്നും തീരുമാനമായി എന്നിരിക്കട്ടെ. ഇനി ഓരോ ഗാനങ്ങളുടെയും ഈണം തെരഞ്ഞെടുക്കുകയായി.

ഓരോ സാഹചര്യത്തിനും അനുയോജ്യമായ ഈണം ഇളയരാജ ഹാര്‍മ്മോണിയത്തിന്റെ അകമ്പടിയോടെ പാടിക്കേള്‍പ്പിക്കും. ഒരു നല്ല ഗാനരചയിതാവ് കൂടിയായ രാജ പാടുന്ന വരികള്‍ തന്നെ പിന്നീട് ഗാന രചയിതാക്കള്‍ ഗാനത്തിനായി സ്വീകരിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്, മലയാളത്തില്‍ പോലും ! ഈ പാടുന്നതെല്ലാം ഒരു ടേപ്പില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരിക്കും.അതിങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കും, സംവിധായകനോ നിര്‍മ്മാതാവോ ഗാനങ്ങള്‍ തെരഞ്ഞെടുക്കും വരെ. വളരെ ചുരുങ്ങിയ സമയംകൊണ്ടായിരിക്കും ഇതെല്ലാം പൂര്‍ത്തിയാവുക. ഒരു ഉദാഹരണത്തിനു്‌, ചിന്നത്തമ്പി എന്ന ചിത്രത്തിന്റെ കാര്യം തന്നെയെടുക്കാം. തമിഴ് നാട്ടില്‍ മാത്രമല്ല, കേരളത്തിലും സൂപ്പര്‍ ഹിറ്റായ ചിത്രമാണ്‌ പ്രഭുവും ഖുശ് ബുവും പ്രധാന വേഷങ്ങളിലഭിനയിച്ച ചിന്നത്തമ്പി. ഇപ്പോഴും സൂപ്പര്‍ ഹിറ്റായ അതിലെ ഗാനങ്ങള്‍ തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പാട്ടുകള്‍ കേട്ടാണ്‌ ജനങ്ങള്‍ തീയേറ്ററിലേക്ക് ഇരമ്പിയതും. ഈ ചിത്രത്തിലെ പാട്ടുകളുടെ കമ്പോസിങ്ങിന്‌ നാല്പത്തഞ്ചു മിനിറ്റ് പോലും എടുത്തിരുന്നില്ലെന്ന് സം വിധായകനായിരുന്ന പി. വാസു ഓര്‍മ്മിക്കുന്നു. "ഞങ്ങള്‍ ഓരോ സീനുകള്‍ പറയുമ്പോഴും രാജ ഈണങ്ങളിങ്ങനെ പാടുകയും അപ്പോഴപ്പോള്‍ തന്നെ അതെല്ലാം തീരുമാനിക്കുകയുമായിരുന്നു. എല്ലാം മനോഹരങ്ങളായ ഈണങ്ങളും, പെട്ടെന്ന് തീര്‍ന്നു -കഥ പറച്ചിലും, പാട്ടുകള്‍ പിറക്കലും"

അങ്ങിനെ ഒരു ഈണം തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് മറ്റൊരു ടേപ്പില്‍ റെക്കോര്‍ഡ് ചെയ്യും. അതിന്റെ ഒരു കോപ്പി പിന്നീട് ഗാനരചയിതാവിനു നല്‍ക്കുന്നതായിരിക്കും. ഈ ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ പാട്ടെഴുതുന്നയാളെ തീരുമാനിച്ചുകഴിഞ്ഞിരിക്കും. കമ്പോസിങ്ങ് വേളയില്‍ ഇളയരാജയോടൊപ്പം ഒരാള്‍ അസിസ്റ്റന്റായി ഉണ്ടായിരിക്കും, മി. സൗന്ദര്‍ രാജന്‍‍. ഇദ്ദേഹമാണ്‌ ഇളയരാജയുടെ വോക്കല്‍ അസിസ്റ്റന്റ്. ട്യൂണ്‍ ടേപ്പ് ലൈബ്രറിയുടെ ഉത്തരവാദിത്വവും ഇദ്ദേഹത്തിനാണ്‌.

തെരഞ്ഞെടുക്കപ്പെട്ട ഓരോ ഈണങ്ങളുടെയും നൊട്ടേഷന്‍ എഴുതിയെടുക്കുന്നത് മി.സൗന്ദര്‍ രാജനാണ്‌. ഗായകരെ പാട്ടു പഠിപ്പിക്കാനും പിന്നീട് റെക്കോര്‍ഡിങ്ങ് സമയത്തും സൗന്ദര്‍ രാജന്‍ ഈ നോട്ടേഷന്‍സ് ഉപയോഗിക്കും. പലപ്പോഴും കമ്പോസിങ്ങ് ദിവസം തന്നെ റേക്കോര്‍ഡിങ്ങും പൂര്‍ത്തിയാവാറുണ്ട്, മറ്റുചിലപ്പോള്‍ ചില ദിവസങ്ങള്‍ക്കു ശേഷവും.

(അടിക്കുറിപ്പ്: ഒരു പ്രൊജക്റ്റ് ഏല്‍ക്കണമങ്കില്‍ ഇളയരാജക്ക് ചില നിര്‍ബ്ബന്ധങ്ങളൊക്കെയുണ്ട്. കഥ മുതല്‍ സിനിമയുടെ പേരു വരെ ഇതില്‍ പെടും. സിനിമക്ക് നിശ്ചയിച്ച പേരിലെ അഭിപ്രായ വ്യത്യാസം ഒന്നു കൊണ്ടു മാത്രം ഉടക്കിപ്പോയ പ്രോജക്ടുകളുണ്ട്. )
തുടരും..


അടുത്തത്: ഫുള്‍ സ്കോര്‍ കമ്പോസിങ്ങ്

(കടപ്പാട്: ശ്രീ കാര്‍ത്തി‍കേയന്‍ നാഗരാജനെഴുതിയ Making of Music, The Ilaiyaraaja Way എന്ന ലേഖനം, മലയാളം പകര്‍പ്പ് ലേഖകന്റെ അനുമതിയോടെ)

8 comments:

നാടന്‍ said...

നല്ല പോസ്റ്റ്‌. കൂടുതല്‍ അറിയാന്‍ താല്‍പര്യപ്പെടുന്നു.

മൂര്‍ത്തി said...

തുടരുക...

Unknown said...

ഇളയാരാജയുടെ മൂസിക്കിനോട് കിടപിടിക്കാന്‍ തെന്നിന്ത്യയില്‍ ഇന്നും മറ്റൊരാളില്ല എന്നതാണു പച്ചയായ സത്യം

Anonymous said...

വളരെ നല്ല പോസ്റ്റ്. അടുത്തഭാഗങ്ങള്‍ക്കായി കാക്കുന്നു

SUNISH THOMAS said...

ഇളയരാജയെക്കുറിച്ച് കേട്ടിട്ടുള്ളതിലും വായിച്ചിട്ടുള്ളതിലുമെല്ലാം വ്യത്യസ്തം.തുടരുക. എല്ലാ ഭാവുകങ്ങളും.

ബൈജു (Baiju) said...

മാഷേ,

നന്നായിരിക്കുന്നു, സംഗീതചക്രവര്‍ത്തിയെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഇനിയും എഴുതൂ....

ആശംസകളോടെ,
ബൈജു

നിരക്ഷരൻ said...

വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. പോസ്റ്റ് വായിക്കുന്നതിനിടയില്‍ രാജാ സാറിന്റെ മനോഹരമായ മനോഹരമായ ഗാനങ്ങള്‍‍ പശ്ചാത്തലത്തില്‍ ശരിക്കും ആസ്വദിച്ചു. വളരെ വളരെ നന്ദി.

അപ്പു ആദ്യാക്ഷരി said...

ബൈജൂ, അഭിനന്ദനങ്ങള്‍! കൂടുതല്‍ വായിക്കാനായി കാത്തിരിക്കുന്നു.