Monday, September 19, 2011
സ്നേഹവീട്
കൊതിയോടെ കാത്തിരുന്ന സംഗീത ആല്‍ബം:സ്നേഹവീട് റിലീസായിരിക്കുന്നു !
സത്യന്‍ അന്തിക്കാട് ചിത്രം|റഫീക്ക് അഹമ്മദിന്റെ വരികള്‍|ഇളയരാജയുടെ ഈണം!ചിത്ര - ശ്രേയ ഘോഷാല്‍ - ശ്വേത - ഹരിഹരന്‍ - രാഹുല്‍ നമ്പ്യാര്‍ എന്നിവരുടെ സ്വരം!!
പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ചിത്രയുടെ സ്വരത്തില്‍ ' ചെങ്കതിര്‍ കൊയ്യും...' എന്ന ഗാനം ഏറെ പ്രിയങ്കരം. ഈ ഗാനത്തിലെ 02.31 മുതല്‍ 02.55 വരെയുള്ള സംഗീത ശകലം (interlude) - വീണ്ടും ഇളയരാജാ മാജിക് ! കീരവാണി (കടപ്പാട്: സംഗീത ജ്നാനമുള്ള സുഹൃത്ത് രവി) രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ കീരവാണിയില്‍ രാജ എത്രയോ ഗാനങ്ങള്‍ നല്‍കിയിരിക്കുന്നു. സംശയമില്ല.. ഒരിടവേളക്കു ശേഷം ചിത്രയുടെ അതിമനോഹര ഗാനം.
അമൃതമായ് അഭയമായ് - ഹരിഹരന്റെ സ്വരത്തില്‍ കല്ല്യാണി രാഗത്തില്‍..ഇതേ ഗാനം രാഹുല്‍ നമ്പ്യാരും പാടിയിരിക്കുന്നു. ശ്രേയ ഘോഷാല്‍ രാജയുടെ സംഗീതത്തില്‍ മലയാളത്തില്‍ - അതാണ് ആവണിത്തുമ്പി എന്ന് തുടങ്ങുന്ന ഗാനം. ഇളയരാജയുടെ മാസ്മരിക ഓര്‍ക്കസ്റ്റ്റേഷനില്‍ അതിമനോഹരമാണ് ഈ ഗാനവും. വീണ്ടും സംഗീത ശകലങ്ങള്‍ (interludes) നമ്മെ വേറൊരു ലോകത്തെത്തിക്കുന്നു.
രാഹുല്‍ നമ്പ്യാര്‍ ശ്വേതക്കൊപ്പം പാടിയ ചന്ദ്രബിംബത്തിന്‍ എന്ന ഗാനം മറ്റൊരാകര്‍ഷണം. അല്പം ചടുല താളങ്ങള്‍ ചേര്‍ത്ത് കോര്‍ത്തിണക്കിയ ഇമ്പമാര്‍ന്ന ഗാനം.
മൊത്തത്തില്‍.. അതി സൂക്ഷ്മമായ സംഗീത രചനകളാല്‍ ഇളയരാജ തീര്‍ത്ത സുന്ദരഗാനങ്ങള്‍. ഏറെ ആകര്‍ഷണീയമായ വരികള്‍. പ്രശസ്ത കവി റഫീക്ക് അഹമ്മദും ഇളയരാജയും ആദ്യമായി ഒന്നിച്ച ചിത്രം. രാജയുടെ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ മറ്റു ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ ഘോഷാല്‍ മലയാളത്തില്‍ രാജയോടൊപ്പം ആദ്യം. പ്രത്യേകതകള്‍ ഏറെ..
റഫീക്ക് അഹമ്മദിന്റെ വരികള്‍ കടമെടുക്കുകയാണെങ്കില്‍ " തെളിനീരിലെ പരല്‍ മീനുകള്‍ തങ്കത്തൂവല്‍ പീലി പോലെ നീങ്ങുന്ന " കാഴ്ച ഒരു കുളിര്‍ കാറ്റേറ്റ് കണ്ടുനില്‍ക്കുന്ന സുഖം.
ഇളയരാജഗാനപ്രേമികള്‍ക്കിത് ഇരട്ടി മധുരം. ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായതിന് പിന്നാലേ മലയാളത്തില്‍ സ്നേഹവീട്.
ഈ സംഗീത ആല്‍ബം വാങ്ങുവാന്‍ ഇവിടം സന്ദര്‍ശിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment